തിരുത്തൽവാദിയായ ഒരേയൊരു പ്രകാശ് ബാബു; സിപിഐയിലെ സൂപ്പർ സെക്രട്ടറി !!

“ജനഹിതമാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തരബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്ക് മാറ്റാവുന്നതാണ്. ഒരു ജനകീയ സർക്കാരിൻ്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നത്” -സിപിഐയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ കെ.പ്രകാശ് ബാബു ജനയുഗത്തിലെഴുതിയ ലേഖനം മുഖ്യമന്ത്രി പിണറായി വിജയന് നേരെ ചുഴറ്റിയെറിഞ്ഞ കൂരമ്പാണ്.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ തൃശൂരിൽ സന്ദർശിച്ച എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐ നേതാക്കൾ ഇടത് മുന്നണി യോഗത്തിലടക്കം പലവട്ടം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഗൗനിക്കാത്ത ഘട്ടത്തിലാണ് പ്രകാശ് ബാബു പാർട്ടി പത്രത്തിൽ ലേഖനമെഴുതാൻ തയ്യാറായത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ടും പിണറായി വിജയൻ സിപിഐയുടെ വിമർശനങ്ങളെ ഒരിക്കൽ പോലും കാര്യമായിട്ട് എടുക്കാറില്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ലേഖനം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയോ മറ്റ് സിപിഎം നേതാക്കളോ പ്രതികരിക്കാൻ തയ്യാറായില്ല.

ഒന്നാം പിണറായി സർക്കാരിൻ്റെ തുടക്കവേളയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാരിൻ്റെ ജനവിരുദ്ധ നിലപാടുകളെ പരസ്യമായി എതിർത്ത്, വിയോജിപ്പുകൾ തുറന്ന് പറയാൻ ആർജവം കാണിച്ചിരുന്നു. എന്നാൽ ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞതോടെ കാനം മുഖ്യമന്ത്രിക്കു മുന്നിൽ വിനീത വിധേയനാവുന്നതും കണ്ടു. എതിർപ്പുകളൊക്കെ പൂട്ടിക്കെട്ടി അദ്ദേഹം അനുസരണയുള്ള കുഞ്ഞാടായി മാറി. പക്ഷേ അന്നും സംസ്ഥാന സെക്രട്ടറി ഒരടി പിന്നോക്കം പോയി എന്ന് തോന്നലുണ്ടാക്കിയ ഘട്ടത്തിലൊക്കെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന പ്രകാശ് ബാബു പറയേണ്ട കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ ഒട്ടും മടി കാണിച്ചിട്ടില്ല.

2019ൽ വയനാട്ടിലെ മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റ് പ്രവർത്തകരെ പോലീസ് വെടിവെച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പാർട്ടി നിലപാട് പറയാൻ പ്രകാശ് ബാബു മടിച്ചില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മീഷൻ ഏറ്റുമുട്ടൽ നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ച നിലപാടുകൾക്ക് എതിരായിരുന്നു. മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ല എന്നായിരുന്നു പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയതാണ് എന്നാണ് സിപിഐ കമ്മീഷൻ പറഞ്ഞത്. പ്രകാശ് ബാബു നേതൃത്വം നൽകിയ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയിരുന്നു. പൊതുമണ്ഡലത്തിലേക്ക് നല്കിയില്ലെങ്കിലും റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഒരു ഘട്ടത്തിൽ പോലും സിപിഐ നേതൃത്വം അതൊന്നും നിഷേധിച്ചതുമില്ല.

മാവോയിസ്റ്റുകളിൽ നിന്നല്ല, തണ്ടർബോൾട്ടിൽ നിന്നാണ് ആദിവാസികൾക്കു ഭീഷണി. അട്ടപ്പാടി മലനിരകളിൽ നിന്നു തണ്ടർബോൾട്ടിനെ ഉടൻ പിൻവലിക്കണം. സർക്കാരിനെയടക്കം പൊലീസ് തെറ്റിദ്ധരിപ്പിക്കുന്നു. ഭരണനേതൃത്വത്തെ മറികടന്നുള്ള ഭരണഘടനാ വിരുദ്ധ നടപടിയാണു പൊലീസിൻ്റേത്. ലോക്കപ്പ് മരണം, വ്യാജ ഏറ്റുമുട്ടലുകൾ എന്നിവ സംബന്ധിച്ച എൽഡിഎഫ് സർക്കാരിന്റെ നയത്തിൽ നിന്നു മാറിയാണു പൊലീസ് വകുപ്പിന്റെ പോക്ക്. രാഷ്ട്രീയ നേതൃത്വത്തെ മറികടക്കാൻ ഉദ്യോഗസ്ഥ നേതൃത്വത്തെ അനുവദിക്കരുത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പോരാ, മജിസ്റ്റീരിയൽ അന്വേഷണം തന്നെ വേണം. എങ്കിലേ സത്യം പുറത്തുകൊണ്ടുവരാനാകു എന്നൊക്കെയായിരുന്നു റിപ്പോർട്ടിലെ ശുപാർശകൾ. സർക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകിയതോടൊപ്പം തന്നെ അതിലെ വിവരങ്ങൾ ജനങ്ങൾ അറിയട്ടെ എന്ന നിലപാടായിരുന്നു പ്രകാശ് ബാബു സ്വീകരിച്ചത്.

ഭൂപരിഷ്കരണ നിയമം അവതരിപ്പിച്ചതിൻ്റെ സുവർണജൂബിലി പിണറായി സർക്കാർ 2020ൽ ആഘോഷിച്ചപ്പോൾ മുൻ മുഖ്യമന്ത്രി അച്യുതമേനോൻ്റെ സംഭാവനകളെ വിസ്മരിച്ചതിനെതിരെ പ്രതിഷേധിക്കാൻ പ്രകാശ് ബാബുവായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. ഒന്നാം ഇഎംഎസ് മന്ത്രിസഭയിലെ അംഗമെന്ന നിലയിലും നിയമത്തിൻ്റെ കരട് തയ്യാറാക്കുന്നതിലും അച്യുതമേനോന് നിർണായക റോളുണ്ടായിരുന്നു എന്നാണ് പ്രകാശ് ബാബു തയ്യാറാക്കിയ പുസ്തകത്തിൽ പറയുന്നത്. ഭൂപരിഷ്കരണ നിയമം പൂർണതോതിൽ പാസ്സാക്കിയതും നടപ്പിലാക്കിയതും അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സിപിഎം മറച്ചു പിടിക്കാൻ ശ്രമിച്ച നീക്കങ്ങളെ വീറോടെ എതിർക്കാൻ പ്രകാശ് ബാബു തയ്യാറായി. ‘സി.അച്യുതമേനോൻ- കേരള വികസനത്തിന്റെ ശില്പി’ എന്ന പ്രകാശ് ബാബുവിൻ്റെ പുസ്തകത്തിൽ തുടർഭരണം നേടിയ ആദ്യ മുഖ്യമന്ത്രി പിണറായി വിജയനല്ലെന്നും അച്യുതമേനോൻ ആണെന്നും എഴുതിയിട്ടുണ്ട്. അച്യുതമേനോൻ സർക്കാരിൻ്റെ കാലത്ത് സമരങ്ങളും പ്രക്ഷോഭങ്ങളുമായി ആ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചത് അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം ആയിരുന്നുവെന്ന് പുസ്തകത്തിൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഭൂപരിഷ്കരണം അടക്കമുള്ള നിയമങ്ങളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണവും നടപ്പാക്കി ഇന്ന് കാണുന്ന രീതിയിൽ കേരളത്തെ എത്തിച്ചത് അച്യുതമേനോൻ ആണെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. 57ലെ ഇടതു സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ പ്രാപ്തനല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോദ്ധ്യമായതിനാൽ, അച്യുതമേനോന് വകുപ്പ് നൽകാൻ തീരുമാനി ച്ചിരുന്ന കാര്യവും പ്രകാശ് ബാബു പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലപാടുകൾ തുറന്നു പറയുമ്പോൾ വല്യേട്ടനായ സിപിഎമ്മിന് ഇഷ്ടപ്പെട്ടോ, അതല്ലെങ്കിൽ സർക്കാരിന് സുഖിക്കുമോ എന്നോർത്ത് പ്രകാശ് ബാബു വേവലാതിപ്പെടാറില്ല എന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ ഈ സമീപനങ്ങൾ വ്യക്തമാക്കുന്നത്.

ഇ.കെ.നായനാര്‍ സര്‍ക്കാരിൽ നിയമമന്ത്രിയായിരിക്കെ സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ നായർ അഴിമതി നിർമ്മാർജ്ജനത്തിനായി രൂപംകൊടുത്ത ലോകായുക്ത നിയമത്തിൽ പിണറായി സർക്കാർ വെളളം ചേർക്കാൻ തുനിഞ്ഞതിനെതിരെ സിപിഐയിൽ നിന്ന് ആദ്യ പ്രതിഷേധം ഉയർത്തിയതും പ്രകാശ് ബാബുവായിരുന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന വിവാദ നിയമഭേദഗതി ഓർഡിനൻസിനെ തുറന്ന് എതിർക്കാൻ അദ്ദേഹം മടി കാണിച്ചില്ല. നിയമത്തിൽ ഭേദഗതി വരുത്തിയാൽ പിന്നെ ഇടതുപക്ഷത്തിന് എന്ത് ധാർമ്മികത എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. മൂലനിയമത്തെ ഇല്ലാതാക്കുന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്നാണ് പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

ഇത്തരം തുറന്ന് പറച്ചിലുകൾ കൊണ്ടാവാം അർഹതപ്പെട്ട പല സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ സിപിഐ നേതൃത്വം ഒതുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥാനമാനങ്ങളേക്കാൾ ഇടതുപക്ഷ ധാർമ്മികതയ്ക്കും നിലപാടിനുമാണ് താൻ വില നൽകുന്നതെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top