ഇപിയുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ ജാവഡേക്കര്‍; നേതാക്കള്‍ തമ്മില്‍ കാണുന്നതില്‍ തെറ്റെന്തെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിഷേധിക്കാതെ കേരളാ ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കര്‍. കൂടിക്കാഴ്ച നടത്തിയെങ്കില്‍ അത് കുറ്റമാണോ എന്ന് പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത് തെറ്റായ വാര്‍ത്തയാണ്. താന്‍ ആരോടാണ് സംസാരിക്കുന്നതെന്നും ആരെയാണ് കാണുന്നതെന്നും സുധാകരന് എങ്ങനെ അറിയാമെന്നും ജാവഡേക്കര്‍ ചോദിച്ചു.

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ക്കും ജാവഡേക്കര്‍ മറുപടി നല്‍കി. “ഞാൻ ജയരാജനെ കണ്ടുവെന്ന് ശോഭ പറഞ്ഞോ? ഇക്കാര്യം ശോഭക്ക് എങ്ങനെയാണ് അറിയാൻ സാധിക്കുക” പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.

സുധാകരന്‍റെ ആരോപണങ്ങള്‍ തള്ളിക്കള്ളഞ്ഞ ജാവഡേക്കര്‍, പക്ഷെ താന്‍ ഇപി ജയരാജന്റെ മണ്ഡലത്തിലോ വിമാനത്താവളത്തിലോ പാർലമെന്റിലോ വച്ച് കണ്ടുമുട്ടിയിരിക്കാം എന്ന് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പലരെയും കണ്ടേക്കാം. ശശി തരൂരുമായും പല രാഷ്ട്രീയ നേതാക്കളുമായും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇത് ഒരു കുറ്റമാണോ, ഇതില്‍ എന്താണ് തെറ്റ് – ജാവഡേക്കർ ആരാഞ്ഞു.

ബിജെപിയിൽ ചേരാൻ സിപിഎം നേതാവ് ഇ.പി.ജയരാജന്‍ ചര്‍ച്ച നടത്തിയതായി കെ.സുധാകരൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ ആരോപണം സ്ഥിരീകരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പ്രകാശ് ജാവഡേക്കറെ കാണുന്നതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണുകയുള്ളൂവെന്നും പിണറായി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top