സിപിഎമ്മിന് നാണക്കേടായി ജാവഡേക്കര്‍- ഇപി കൂടിക്കാഴ്ച; പ്രതിച്ഛായ നഷ്ടത്തിന്റെ പ്രതിഫലനമായി മുഖ്യമന്ത്രിയുടെ രോഷപ്രകടനം; ജയരാജനോട് പാർട്ടി പൊറുക്കുമോ?

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം എല്ലാ കോണിൽ നിന്നും കേൾക്കുന്നത് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപിയിലേക്ക് പോകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ്. 2012 ജൂൺ 2ന് നെയ്യാറ്റിൻകര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ, കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി. പി.ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ.രമയെ സന്ദർശിച്ചതിന് സമാനമാണ് ഇ.പി.ജയരാജന്‍റെ ബിജെപി പ്രവേശന വിവാദം. സിപിഎമ്മിന്‍റെ അടിവേരിളക്കാൻ പോലും പര്യാപ്തമായ ഇടപാടുകളുടെ ചുരുളുകളാണ് ഒന്നൊന്നായി അഴിഞ്ഞുവരുന്നത്.

ബിജെപിയുടെ കേരള ചുമതലയുള്ള പ്രഭാരി ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി.ജയരാജൻ തന്നെ സ്ഥിരീകരിച്ചതോടെ പാർട്ടിക്ക് കടുത്ത പ്രതിച്ഛായാ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മകന്‍റെ ആക്കുളത്തെ ഫ്ലാറ്റിൽ ദല്ലാൾ നന്ദകുമാറുമൊത്ത് ജാവഡേക്കര്‍ വന്നുകണ്ടിരുന്നു എന്നാണ് ഇപി പറയുന്നത്. ശോഭാ സുരേന്ദ്രൻ പറയുന്നത് പോലെ ഡൽഹിയിൽ വച്ച് കണ്ടില്ലെന്നും രാഷ്ട്രിയം സംസാരിച്ചില്ല എന്നുമാണ് ന്യായീകരണം. ആരോപണങ്ങൾ ഒന്നൊന്നായി പലവഴിക്ക് പുറത്തുവരാൻ തുടങ്ങിയതോടെയാണ് മുൻകൂർ ജാമ്യമെടുക്കാനാണ് ഈ വിശദീകരണങ്ങളെന്നും വ്യക്തമാണ്.

ജയരാജൻ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ തന്നെ പ്രതിഛായാ നഷ്ടത്തിന്‍റെ രോഷപ്രകടനമാണ്. വിഷയം അതീവ ഗൌരവമായി കണക്കിലെടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ദിവസം തന്നെ ഇത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതും. ഈവിധം ഇപിയെ നിഷ്കരുണം തള്ളിപ്പയത് പാർട്ടിയിലെ മറ്റ് നേതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top