പിഎസ്‌സി കോഴ വിവാദത്തില്‍ ട്വിസ്റ്റ്; പരാതി നല്‍കിയ വ്യാപാരിയുടെ വീടിന് മുന്നില്‍ സമരം പ്രഖ്യാപിച്ച് പ്രമോദ് കോട്ടൂളി

പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന വിവാദത്തില്‍ സിപിഎം പുറത്താക്കിയ പ്രമോദ് കോട്ടൂളിയുടെ നിര്‍ണ്ണായക നീക്കം. കോഴ നല്‍കിയെന്ന് പരാതിപ്പെട്ട ആളുടെ വീടിന് മുന്നില്‍ സമരം പ്രഖ്യാപിച്ചു. പണം നല്‍കിയത് ആര്‍ക്ക്, എന്തിന് നല്‍കി, എപ്പോള്‍ നല്‍കി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് പ്രതിഷേധം. പണം നല്‍കിയ ശ്രീജിത്ത് എന്ന വ്യാപാരിയുടെ വീടിന് മുന്നിലാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് അമ്മയെ ബോധിപ്പിക്കാനാണ് പ്രതിഷേധമെന്ന് പ്രമോദ് പ്രതികരിച്ചു.

അമ്മയേയും മകനേയും കൂട്ടിയാണ് പ്രമോദ് സമരത്തിന് പുറപ്പെട്ടിരിക്കുന്നത്. മറ്റാരേയും ഒന്നും ബോധിപ്പിക്കാനല്ല അമ്മയെ കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് ശ്രമം. ആദ്യം മകനാണ് ആയത്. അതിന് ശേഷമാണ് സഖാവായത്. അതുകൊണ്ടാണ് അമ്മയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ കോഴ വിവാദത്തില്‍ കുറച്ച് കാര്യങ്ങള്‍ കൂടി വ്യക്തമാക്കാനുണ്ട്. അത് പരാതി നല്‍കിയ ആളുടെ വീട് മുന്നില്‍ വച്ച് നടത്താമെന്നും പ്രമോദ് പ്രതികരിച്ചു. നടപടിയെടുത്ത സിപിഎമ്മിനെ വെല്ലുവിളിക്കുന്നതാണ് പ്രമോദിന്റെ നീക്കം.

പ്രമോദിനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കും. റിയല്‍ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ തെറ്റാണെന്നും ജില്ലാ കമ്മിറ്റി യോഗം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top