‘കോട്ടൂളി ചെറിയ മീനല്ല’; സിപിഎമ്മിനെ ഞെട്ടിക്കുന്ന നീക്കം; പണം ആര്‍ക്ക് നല്‍കിയതെന്ന ചോദ്യം ആരെ തെറിപ്പിക്കും
സിപിഎമ്മില്‍ നേരത്തേയും അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും ഉണ്ടാകാത്ത പ്രതികരണമാണ് പിഎസ്‌സി കോഴ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയില്‍ നിന്നുണ്ടായിരിക്കുന്നത്. അച്ചടക്ക നടപടികളില്‍ നിശബ്ദതയാണ് മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് പോലും പലപ്പോഴും ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവിടെ താന്‍ പണം വാങ്ങിയില്ലെന്നും ആര്‍ക്കാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്തിയിരിക്കുകയാണ് പ്രമോദ്. പണം വാങ്ങിയെന്ന് പരാതി നല്‍കിയ വ്യവസായി ശ്രീജിത്തിന്റെ വീടിന് മുന്നിലാണ് പ്രമോദ് അമ്മയ്ക്കും മകനുമൊപ്പം സമരം നടത്തിയത്.
പണം നല്‍കിയത് ആര്‍ക്ക്, പണം നല്‍കിയത് എന്ന്, എത്ര പണം നല്‍കി തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സിപിഎം പോലും പ്രതീക്ഷിക്കാത്ത നീക്കമാണിത്. പിഎസ്‌സി കോഴ വിവാദം പറയാതെയാണ് സിപിഎം പ്രമോദിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം, ബിജെപി നേതാവുമായുളള ബന്ധം, ആരോഗ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് തട്ടിപ്പിന് ശ്രമിക്കല്‍ തുടങ്ങിയവയിലൂടെ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയതാണ് കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാതെ പിഎസ്‌സി കോഴയില്‍ വ്യക്തതയാണ് പ്രമോദി ആവശ്യപ്പെടുന്നത്.
സിപിഎമ്മിന്റെ ഏര്യാ കമ്മറ്റിയംഗം മാത്രമായ പ്രമോദ് കോട്ടൂളിക്ക് മാത്രമായി നടത്തി കൊടുക്കാന്‍ കഴിയുന്നതല്ല പിഎസ്‌സി അംഗത്വം. പണം നല്‍കിയെന്ന് ആരോപിക്കുന്ന വ്യവസായി ശ്രീജിത്തുമായി പ്രമോദിന് വ്യക്തി ബന്ധവുമുണ്ട്. അതുകൊണ്ട് തന്നെ അംഗത്വം വാങ്ങികൊടുക്കാന്‍ കഴിയുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന് വേണ്ടിയുള്ള ഇടപാടെന്ന് ആരോപണം ഉയരുന്നത്. ജില്ലാ കമ്മറ്റിയിലടക്കം സ്വാധീനമുള്ള നേതാവിന് വേണ്ടിയാണ് ഇടപാടെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് ജില്ലാ കമ്മറ്റി വിഷയത്തില്‍ അലസമായ ഇടപെടല്‍ ആദ്യഘട്ടം മുതല്‍ നടത്തിയത്. എന്നാല്‍ സംസ്ഥാന സമിതി ചെവിക്ക് പിടിച്ചതോടെയാണ് നടപടിയിലേക്ക് ജില്ലാ കമ്മറ്റി കടന്നത്.
കോഴിക്കോട് സിപിഎമ്മില്‍ കുറച്ച് നാളുകളായി വിഭാഗീയത ശക്തമാണ്. ഒരു വശത്ത് എളമരം കരീമും മറുവശത്ത് മന്ത്രി മുഹമ്മദ് റിയാസുമാണ് നില്‍ക്കുന്നത്. ഇപ്പോഴത്തെ കോഴ ആരോപണവും പുറത്താക്കലും എല്ലാം ഈ വിഭാഗീയതയുടെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്. ഇതില്‍ ആര്‍ക്കൊപ്പമാണ് പ്രമോദ് കോട്ടൂളിയെന്നാണ് ഇനി അറിയേണ്ടത്. സംരക്ഷിക്കുമെന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ ഇത്തരമൊരു കടുത്ത നീക്കം കോട്ടൂളി നടത്തില്ലെന്ന് ഉറപ്പാണ്. ഇതിനൊപ്പം വിവാദത്തില്‍ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനവും സിപിഎമ്മിനെ കുഴയ്ക്കുന്നതാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here