കോൺഗ്രസിനെ വിടാതെ ശർമ്മിഷ്ഠ; ഇത്തവണ പ്രണബിനെ സംഘിയെന്ന് വിളിച്ച രാഹുലിനെതിരെ; ദുഷ്ടൻമാരായ മണ്ടൻമാരും മൂടുതാങ്ങികളുമാണ് കൂട്ടെന്നും പരിഹാസം
![](https://www.madhyamasyndicate.com/wp-content/uploads/2024/12/sarmishta.jpg)
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി വീണ്ടും കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്ത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സ്തുതിപാടകരെയും സഹോദരൻ അഭിജിത് മുഖർജിക്കെതിരെയുമാണ് ശർമിഷ്ഠയുടെ വിമർശനം.നാഗ്പൂരിലെ ആർഎസ്എസ് ഓഫീസ് സന്ദർശിച്ചതിന് പ്രണബ് മുഖർജിയെ രാഹുൽ ഗാന്ധി ‘സംഘി’ എന്ന് വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പുതിയ ആക്രമണം. ഇതേ രാഹുൽ ഗാന്ധി 2018 ലെ പാർലമെൻ്റ് ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതായും ശർമ്മിഷ്ഠ പരിഹസിച്ചു.
കോൺഗ്രസ് നേതാക്കൾ ‘മൗത് കാ സൗദാഗർ’ (മരണത്തിൻ്റെ വ്യാപാരി) എന്ന് വിളിക്കുന്ന നരേന്ദ്രമോദിയെ എന്തിനാണ് കെട്ടിപ്പിടിച്ചതെന്ന് ചോദിക്കാൻ രാഹുലിൻ്റെ ഭക്തൻമാരെ വെല്ലുവിളിക്കുന്നുവെന്നും ശർമ്മിഷ്ഠ പറഞ്ഞു. ദുഷ്ടൻമാരായ വിഡ്ഢികളും മൂടുതാങ്ങികളുമായ ഭക്തൻമാരെ ഉപയോഗിച്ച് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയട്ടെ എന്ന് പരിഹസിച്ച് ആശംസയും അവർ നൽകി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകരുതെന്ന് തന്നോട് ആവശ്യപ്പെട്ട സഹോദരൻ അഭിജിത് മുഖർജിയേയും ശർമ്മിഷ്ഠ കടന്നാക്രമിച്ചു. പ്രണബ് മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി യോഗം ചേരാത്തതിനെതിരെ നടത്തിയ വിമർശനത്തെ അഭിജിത് തള്ളിയിരുന്നു. ചെറിയ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം പിതാവിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്ന പാർട്ടിയിൽ പറ്റിക്കൂടാനുള്ള ആഗ്രഹമാണ് അഭിജിത്തിനുള്ളത്. അതിൽ താൻ ലജ്ജിക്കുന്നുവെന്നാണ് സഹോദരി തിരിച്ചടിച്ചിരിക്കുന്നത്.
കോവിഡ് കാലത്താണ് പിതാവ് പ്രണബ് മുഖർജി മരിച്ചതെന്നും സ്വാഭാവികമായും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നുമാണ് അഭിജിത് മുഖർജി പ്രതികരിച്ചത്. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. വിലാപയാത്രക്കുള്ള ഒരുക്കങ്ങൾ കോൺഗ്രസ് നടത്തിയെങ്കിലും അതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നും അഭിജിത് മുഖർജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here