യുപിഎ സർക്കാർ വീഴാതിരിക്കാൻ 25 കോടി ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ; ചാക്കിട്ട് പിടുത്തത്തിന് നേതൃത്വം നൽകിയത് പ്രണബ് മുഖർജിയെന്ന് സെബാസ്റ്റ്യൻ പോൾ

2008ലെ അവിശ്വാസ പ്രമേയത്തിൽ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി മുൻ എംപി സെബാസ്റ്റ്യൻ പോൾ. ഇന്ത്യ – അമേരിക്ക ആണവ കരാറിനെതിരെയാണ് അവിശ്വാസം കൊണ്ടു വന്നിരുന്നത്. ‘സമകാലിക മലയാളം’ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സെബാസ്റ്റ്യൻ പോളിൻ്റെ വെളിപ്പെടുത്തൽ. ‘എൻ്റെ കാലം എൻ്റെ ലോകം’ എന്ന ആത്മകഥയിൽ നേരത്തേ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കുട്ടനാട് എംഎൽഎയും എൻസിപി (ശരദ് പവാർ) വിഭാഗം നേതാവുമായ തോമസ് കെ തോമസ് അജിത് പവാർ വിഭാഗത്തിൽ ചേരുന്നതിനായി ആൻ്റണി രാജു, കോവൂർ കുഞ്ഞുമോൻ തുടങ്ങിയ എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന ആരോപണം കേട്ടപ്പോൾ ഇക്കാര്യം ഓർമ വന്നതായും മുൻ എംപി ലേഖനത്തില്‍ പറയുന്നു.
മുൻ ഇന്ത്യൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്കെതിരെയാണ് ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യൻ പോളിൻ്റെ ആരോപണം. വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെതെന്നാണു വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് വയലാർ രവിയും എംപിമാരെ ചാക്കിടുന്ന സംഘത്തിൽ ഉണ്ടായിരുന്നതായി സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ആദ്യം തന്നെ സമീപിച്ചത് പ്രണബ് മുഖർജിയുടെ ദൂതൻമാരാണ്. തന്നെ കുടുക്കാനുള്ള ഒളിക്യാമറ ഓപ്പറേഷൻ ആണെന്നാണ് കരുതിയിരുന്നത്. പിന്നീട് പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ കോൺഗ്രസ് എംപിയും അന്നത്തെ പാർലമെൻ്ററികാര്യ മന്ത്രിയുമായിരുന്ന വയലാർ രവിയെ കണ്ടപ്പോഴാണ് അതൊതൊരു സ്റ്റിംഗ് ഓപ്പറേഷനല്ലെന്ന് മനസിലായത് അദ്ദേഹം വ്യക്തമാക്കി. അബദ്ധം പറ്റിയതാണെന്ന് പിന്നീട് വയലാർ രവി സമ്മതിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വതന്ത്ര എംപി എന്ന നിലയിൽ പാർട്ടി വിപ്പ് അല്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പുറത്താക്കൽ തനിക്ക് ബാധകമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഓഫർ. എൽഡിഎഫ് സ്വതന്ത്ര എംപിയായ തന്നെ ഒപ്പം നിർത്തി പിന്തുണ പിൻവലിച്ച ഇടതുപക്ഷത്തിനെ ഞെട്ടിക്കാനായിരുന്നു ശ്രമം.
സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേറെയും എംപിമാർക്ക് കോടികൾ വാഗ്ദാനം ചെയ്തിരുന്നെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. ചിലരോട് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പ്രണബ് മുഖർജിയുടെ നിർദ്ദേശപ്രകാരം സമാജ്‌വാദി പാർട്ടി നേതാവ് അമർ സിങിൻ്റെയും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൻ്റെയും നേതൃത്വത്തിലായിരുന്നു ചാക്കിട്ടുപിടുത്ത നീക്കങ്ങൾ നടന്നത്. നിരവധി എംപിമാർ പ്രലോഭനത്തിൽ വീണു. ഏഴ് ബിജെപി അംഗങ്ങൾ ഉൾപ്പെടെ നിരവധി എംപിമാർ പാർട്ടി വിപ്പ് ലംഘിച്ച് യുപിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. പട്ടേലും സിങും മൂന്ന് കോടി രൂപ വീതം നൽകിയെന്ന് മൂന്ന് ബിജെപി എംപിമാർ പിന്നീട് സമ്മതിച്ചതായും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here