അങ്ങനെ സംഭവിച്ചതിന് പിന്നില്‍… പ്രണബിൻ്റെ സംസ്കാര ചടങ്ങിനെച്ചൊല്ലി മക്കൾ തമ്മിൽ അഭിപ്രായ ഭിന്നത
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം അവഗണിച്ചെന്ന മകൾ ശർമിഷ്ഠ മുഖർജിയുടെ ആരോപണം തള്ളി സഹോദരൻ അഭിജിത് മുഖർജി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മരിച്ചപ്പോൾ അനുശോചന പ്രമേയം പാസാക്കാൻ കൂടിയ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിക്കെതിരെയായിരുന്നു ശർമിഷ്ഠയുടെ വിമർശനം. തൻ്റെ പിതാവ് മരിച്ചപ്പോൾ വർക്കിംഗ് കമ്മറ്റി വിളിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നായിരുന്നു അവരുടെ കുറ്റപ്പെടുത്തല്‍.
കോവിഡ് കാലത്താണ് പിതാവ് പ്രണബ് മുഖർജി മരിച്ചതെന്നും സ്വാഭാവികമായും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നുമാണ് അഭിജിത് മുഖർജി വിഷയത്തിൽ പ്രതികരിച്ചത്. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. വിലാപയാത്രക്കുള്ള ഒരുക്കങ്ങൾ കോൺഗ്രസ് നടത്തിയെങ്കിലും അതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നും അഭിജിത് മുഖർജി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ‘എൻ്റെ അച്ഛൻ മരിച്ചപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല’; മൻമോഹൻ്റെ ചിതയെരിയും മുമ്പ് വിമർശനവുമായി പ്രണബ് മുഖർജിയുടെ മകള്‍
പ്രണബ് മുഖർജിയുടെ മരണത്തിന് ശേഷം കോൺഗ്രസ് വർക്കിംഗ് കമ്മറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ലെന്നായിരുന്നു ശർമിഷ്ഠയുടെ കുറ്റപ്പെടുത്തൽ. മുൻ രാഷ്ട്രപതി കെആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here