ചോദ്യങ്ങളിൽ ഓടിരക്ഷപെടാൻ പ്രശാന്തന്‍; എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിൽ വ്യക്തത വരുത്താതെ മൗനം

എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് പരാതി നല്‍കിയ ചെങ്ങളയിലെ പെട്രോള്‍ പമ്പുടമ പിഎസ് പ്രശാന്തന്‍ ഇപ്പോള്‍ ദുരൂഹമായ മൗനത്തിൽ. ആദ്യ ദിവസങ്ങളില്‍ കൈക്കൂലി ആരോപണം ഉന്നയിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ പ്രശാന്തന് ഇപ്പോള്‍ ആ ആവേശമില്ല. ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത് അറിഞ്ഞ് മാധ്യമങ്ങൾ സമീപിച്ചപ്പോൾ സ്റ്റേഷനിലേക്ക് ഓടിയ കാഴ്ച വിചിത്രമായിരുന്നു.

ഇന്ന് കണ്ണൂര്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് പ്രശാന്തന്റെ മൊഴി പോലീസ് എടുത്തത്. മൊഴി നല്‍കിയ ശേഷം പുറത്തേക്ക് വന്ന പ്രശാന്തന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മറുപടിയില്ലാതെ ആണ് ഓടിയതെന്ന് വ്യക്തം. അഴിമതി ആരോപണത്തിലെ പൊരുത്തക്കേടുകളും, മുഖ്യമന്ത്രിക്ക് അയച്ചതെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് നൽകിയ രേഖ വ്യാജമാണെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തേണ്ടത് പ്രശാന്തനായിരുന്നു. എന്നാല്‍ അതിന് നില്‍ക്കാതെ ഈ ഓടി ഒളിക്കല്‍ എന്തിനെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.

പ്രശാന്തന്‍ മറ്റാരുടേയോ ബിനാമിയാണെന്നും പെട്രോള്‍ പമ്പ് തുടങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ സിപിഐ ഇടപെട്ടാണ് എന്‍ഒസി ശരിയാക്കിയതെന്നും ഇതാണ് പിപി ദിവ്യയെ പ്രകോപിപ്പിച്ചത് എന്നുമുള്ള ആരോപണങ്ങളുമുണ്ട്. എന്നാല്‍ ഇതിനൊന്നും ഉത്തരം നല്‍കാതെയാണ് പ്രശാന്തന്റെ ഈ ഓടിമാറല്‍.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ പിപി ദിവ്യയെ പോലീസ് ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ അഴിമതി നടന്നതിന്റെ തെളിവ് പുറത്തുവിടുമെന്ന് പറഞ്ഞ് എഡിഎമ്മിനെ വിരട്ടാൻ ഒരുമ്പെട്ട ദിവ്യ ഇപ്പോള്‍ ഒളിവിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top