‘ആദ്യം മദ്യം എത്തിക്കും’; മോദി, കേജ്‌രിവാൾ, മമത, നിതീഷ് ഇവരെ ഭരണത്തില്‍ എത്തിച്ച പ്രശാന്തിന്‍റെ ബീഹാര്‍ തന്ത്രങ്ങള്‍
ബിഹാറിൽ അധികാരത്തിൽ എത്തിയാൽ ആദ്യ മണിക്കൂറിൽ സംസ്ഥാനത്തെ മദ്യ നിരോധനം പിൻവലിക്കുമെന്ന് ജാൻ സൂരജ് ക്യാംപയിൻ അധ്യക്ഷനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ തൻ്റെ ജാൻ സൂരജ് പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കേയാണ് വാഗ്ദാനം.
തിരഞ്ഞെടുപ്പിന് പ്രത്യേകിച്ച് മുന്നൊരുക്കമൊന്നും ആവശ്യമില്ല. കഴിഞ്ഞ രണ്ട് വർഷമായി അതിനുള്ള തയ്യാറെടുപ്പിലാണ്. സ്ത്രീകളുടെ വോട്ടു ലഭിച്ചില്ലെങ്കിലും ഭരണം ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ മദ്യനിരോധനം പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016ലാണ് നിതീഷ് കുമാറിൻ്റെ ജെഡിയു സർക്കാർ സംസ്ഥാനത്ത് മധ്യനിരോധനം നടപ്പാക്കിയത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് നടത്തുന്ന യാത്രയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തേജസ്വിക്ക് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം വീട്ടിനുള്ളിൽ നിന്നും ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിയതിൽ സന്തോഷമുണ്ടെന്നാണ് പ്രശാന്തിൻ്റെ പരിഹാസം.
കഴിഞ്ഞ 30 വർഷങ്ങളായി സംസ്ഥാനത്ത് നടന്ന ആർജെഡി, ജെഡിയു ഭരണങ്ങൾ ബീഹാറിനെ നാശത്തിലേക്ക് നയിച്ചു. നിതീഷ് കുമാറും തേജസ്വി യാദവും കൈകൂപ്പി ജനങ്ങളോട് മാപ്പു പറഞ്ഞാലും അതിന് പരിഹാരമാകില്ല. രണ്ട് പാർട്ടികളും പ്രവർത്തനം അവസാനിപ്പിക്കണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. ബിജെപിയുമായി സഖ്യം ചേർന്നതിന് നിതീഷ് കുമാർ കൂപ്പുകൈകളോടെ ക്ഷമാപണം നടത്തിയെന്ന തേജസ്വി യാദവിൻ്റെ അവകാശവാദത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശാന്ത് കിഷോറിൻ്റെ നേതൃത്വത്തിലുള്ള ജൻ സൂരജ് ക്യാംപയിനാണ് അടുത്ത മാസം രാഷ്ട്രീയ പാർട്ടിയായി മാറുന്നത്. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ഒന്നര ലക്ഷത്തിലധികം പേരെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും മത്സരിച്ച് സർക്കാർ രൂപീകരിക്കുമെന്നും പ്രശാന്ത് കിഷോർ നേരത്തെ അവകാശപ്പെട്ടിരുന്നു.
രാജ്യത്തെ പ്രമുഖ രാഷട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ നിരവധി പ്രമുഖ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, മമത ബാനർജി, നിതിഷ് കുമാർ, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരുടെ വിജയത്തിലെ പ്രധാന ബുദ്ധി കേന്ദ്രമായിരുന്നു. 2018ൽ പ്രശാന്ത് കിഷോർ ജെഡിയുവിൽ ചേർന്നിരുന്നു. ജെഡിയുവിൻ്റെ ദേശീയ ഉപാധ്യക്ഷനായ അദ്ദേഹത്തിനെ 2020ൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കുകയായിരുന്നു. ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (I – PAC) എന്ന കൺസൾട്ടിംഗ് സ്ഥാപനത്തിൻ്റെ സ്ഥാപകനാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here