മുരളീധരന് വേണ്ടി ചുവരെഴുതി പ്രതാപന്‍; ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്ന് വ്യക്തമാക്കി സിറ്റിങ്ങ് എംപി

തൃശൂര്‍: ഇതുവരെ നടത്തിയ എല്ലാ തയാറെടുപ്പുകളും അവസാനിപ്പിച്ച് ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ് തൃശൂരിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതോടെ അടിമുടി മാറുകയാണ് തൃശൂരിലെ രാഷ്ട്രീയം. ടി.എന്‍.പ്രതാപന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് ചുവരെഴുത്തകള്‍ നടത്തിയിരുന്നു. പോസ്റ്ററുകളും ഒട്ടിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസ് എന്ന് വാര്‍ത്തകള്‍ വന്നതോടെ ഇതെല്ലാം മായ്ക്കാനാണ് ഡിസിസി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

പ്രതാപന് വേണ്ടി മൂന്നര ലക്ഷം പോസ്റ്ററുകളാണ് പുറത്തിറക്കിയത്. പരമാവധി ചുവരെഴുത്തുകളും നടത്തി. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രതാപന്‍ 300 കിലോമീറ്റര്‍ പദയാത്രയും നടത്തിയിരുന്നു. മത്സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശം എതിര്‍പ്പൊന്നുമില്ലാതെ പ്രതാപന്‍ അംഗീകരിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് പരിഗണിക്കുമെന്ന ഉറപ്പിലാണ് പരാതിയില്ലാതെയുളള ഈ പിന്‍മാറ്റം. നേരത്തേയും ഇനി പാര്‍ലമെന്റിലേക്കില്ലെന്ന് പ്രതാപാന്‍ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ നിലവിലെ എംപിമാരെല്ലാം മത്സരിക്കട്ടെയെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യ തീരുമാനം. പത്മജയുടെ ബിജെപി പ്രവേശത്തിലൂടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് തൃശൂരില്‍ മുരളീധരനെ രംഗത്തിറക്കി ഇത് മറികടക്കാനാണ് ശ്രമിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പ് തന്നെ മുരളീധരനു വേണ്ടി പ്രതാപന്‍ ചുവരെഴുത്തുമായി രംഗത്തെത്തി. പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്ന സന്ദേശം നല്‍കുകയാണ് പ്രതാപന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. മുരളീധരന്‍ കൂടി മത്സര രംഗത്തെത്തിയതോടെ തൃശൂരില്‍ തീപാറുന്ന പോരാട്ടമാകും നടക്കുക. സിപിഐ സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും സജീവമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. മുരളീധരന്‍ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ കോണ്‍ഗ്രസും ഉഷാറാകും.

സുരേഷ് ഗോപിക്കു വേണ്ടി പത്മജ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ തൃശൂരില്‍ ഇറങ്ങുമോയെന്നും രാഷ്ട്രീയ കേരളം നോക്കുന്നുണ്ട്. പലപ്പോഴും എതിര്‍ത്തും വിമര്‍ശിച്ചും സഹോദരനായ മുരളീധരനെതിരെ സംസാരിച്ചിട്ടുണ്ടെങ്കിലും എതിര്‍ രാഷ്ട്രീയ വേദിയില്‍ നിന്നുള്ള പ്രവര്‍ത്തനം ആദ്യമാണ്. പത്മജ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കരുണാകരന്റെ തട്ടകമായിരുന്ന സ്ഥലങ്ങളില്‍ മക്കള്‍ രണ്ട് പാര്‍ട്ടികളിലായി മത്സരരംഗത്ത് ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top