രാഷ്ട്രീയക്കാരെ നിങ്ങള്‍ മയക്കുമരുന്നിന്റെ കാര്യത്തില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുത്; മന്ത്രി കഞ്ചാവ് വലിയെ മഹത്വവത്ക്കരിക്കരുത് എന്ന് ദീപിക
മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ദീപിക എഡിറ്റോറിയല്‍. കഞ്ചാവ് കേസില്‍ പ്രതിയായ യു.പ്രതിഭ എംഎല്‍എയുടെ മകനെ രക്ഷിക്കാന്‍ മന്ത്രി നടത്തിയ പ്രസ്താവന സകല സാന്മാര്ഗിക അതിരുകളും ഭേദിച്ചുവെന്നാണ് ദീപിക കുറ്റപ്പെടുത്തുന്നത്. എംഎൽഎയുടെ കാര്യത്തിലേ മന്ത്രിക്കു വിഷമമുള്ളൂ. എംഎൽഎയെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും സജി ചെറിയാന് അവകാശമുണ്ട്. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റത്തെ നിസാരവത്ക്കരിക്കുകയാണ് മന്ത്രി ചെയ്തത്.
പുകവലിയെ ന്യായീകരിക്കാന്‍ എംടിയെ വരെ കൂട്ടുപിടിച്ചു. എംടിയുടെ മഹത്വം അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതിഭയിലാണ് അല്ലാതെ പുകവലിയിലല്ല. ഇത്തരം താരതമ്യങ്ങൾ കുബുദ്ധിയാണ്. ‘വിഷപ്പുകയും വിവരക്കേടും’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍ ദീപിക പറയുന്നു.
‘കൊച്ചുകുട്ടികളല്ലേ, അവർ കമ്പനി കൂടും, സംസാരിക്കും; ചിലപ്പോൾ പുകവലിക്കും’. കേരളത്തിന്റെ സാംസ്കാരിക മന്ത്രി ഈ വാക്കുകളിലൂടെ ആപത്കരമായൊരു സംസ്കാരത്തെയാണ് നിസാരവത്കരിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെതന്നെ ആയുസിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും ഭീഷണിയായിരിക്കുന്ന കാലമാണിത്. പാർട്ടിയിലെ ഒരു എംഎൽഎ വേട്ടയാടപ്പെടുമ്പോള്‍ നോക്കിനിൽക്കാനാകില്ലെന്ന് പറഞ്ഞാണ് മന്ത്രിയുടെ ന്യായീകരണം. പ്രതികൾ പാർട്ടിക്കാരാണെങ്കിൽ കാഴ്ചക്കാരാകാതെ സംരക്ഷകരാകുന്ന നിലപാട്! ഇതു നാടിനു ശിക്ഷയാണ്. മയക്കുമരുന്നിന്റെ കാര്യത്തിലെങ്കിലും രാഷ്ട്രീയവും മതവും കലർത്തരുത്. ഏതു രാജാവിന്റെ മകനാണെങ്കിലും, നാർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്’- ദീപിക എഴുതി.
മയക്കുമരുന്നിന് അടിമകളായ ‘കുട്ടികൾ’ ഏതു കുറ്റകൃത്യത്തിനും മടിക്കുന്നില്ല. മയക്കുമരുന്നു കൊടുത്ത് ലൈംഗിക ചൂഷണം നടത്തുന്ന കേസുകളുമുണ്ട്. സംഭവം നിസാരമല്ല. ഇക്കഴിഞ്ഞ പുതുവത്സര രാത്രി തൃശൂർ തേക്കിൻകാട് മൈതാനത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ 14, 16 വയസുള്ള വിദ്യാർഥികൾ ലഹരി അടിമകളായിരുന്നു. മയക്കുമരുന്ന് നാടാകെ വ്യാപിക്കുകയാണ്. സർക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവുമൊക്കെ ഒന്നിച്ചുനിന്നാലേ മയക്കുമരുന്നു വ്യാപനത്തെ ചെറുക്കാനാകൂ. ദീപിക ചൂണ്ടിക്കാണിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here