മഹാകുംഭമേള ദുരന്തം അട്ടിമറിയോ!! അപകടസ്ഥലത്തെ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടയിൽ ഉണ്ടായ അപകടത്തില്‍ ഗൂഢാലോചനയോ, ബാഹ്യ ഇടപെടലോ ഉണ്ടായോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. 30 പേര്‍ മരിക്കാനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുമിടയായ തിക്കും തിരക്കും ആരെങ്കിലും ബോധപൂര്‍വം സൃഷ്ടിച്ചതാണോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. മഹാകുംഭമേള നിർത്തിവയ്ക്കുമെന്നാണ് അട്ടിമറി നടത്താൻ ഗൂഡാലോചന നടത്തിയവരുടെ പ്രതീക്ഷിച്ചത്. പതിനായിരത്തോളം മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നതില്‍ യുപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍, ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് യോഗി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. തിക്കും തിരക്കും ഉണ്ടാകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ബോധപൂര്‍വം തിരക്കുണ്ടാക്കിയതാണോ എന്ന സംശയത്തിലാണ് യോഗി സര്‍ക്കാർ.

സനാതന ധർമ്മത്തെയും, കുംഭമേളയേയും ഇടിച്ചു താഴ്ത്താൻ ഒരു ഗൂഢാലോചനക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അത്തരം ശക്തികൾക്കെതിരെ കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭമേളയിൽ മൗനി അമാവാസി ദിവസം ( കഴിഞ്ഞ ബുധനാഴ്ച) ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. 90 പേർക്ക് പരുക്കേറ്റതെന്നുമാണ് പുറത്ത് വന്ന വിവരങ്ങൾ.

മൂന്നം​ഗ ജുഡിഷ്യൽ കമ്മറ്റിയും പോലീസുമാണ് നിലവില്‍ അപകടത്തെപ്പറ്റി അന്വേഷിക്കുന്നത്. വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ അന്വേഷണ സമിതിയില്‍ മുന്‍ ഡിജിപി വികെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡികെ സിംഗ് എന്നിവരും ഉൾപ്പെടുന്നു.

വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിക്കുന്നത്. വിവിഐപികൾക്ക് മാത്രം പരിഗണന നൽകിയതും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതും മതിയായ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതും വന്ദുരന്തത്തിന് കാരണമായത് എന്ന വിമർശനം ശക്തമാവുമ്പോഴാണ് അട്ടിമറി വാദവുമായി ആന്വേഷണ സംഘം രംഗത്ത് എത്തിയത്. ജുഡീഷ്യൽ കമ്മിഷൻ അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അട്ടിമറി സാധ്യതകളെ സംബന്ധിച്ച വിഷയം ചർച്ച ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top