മകളെ കാണാന്‍ നെഞ്ചുരുകി നിമിഷപ്രിയയുടെ അമ്മ യാത്രയായി; വൈകീട്ട് മുംബൈയില്‍ നിന്നും ഏദന്‍ വിമാനം കയറും; യെമൻ കുടുംബം ആശ്വാസധനം സ്വീകരിച്ചാൽ മോചനത്തിനുള്ള വഴി തെളിയും
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെയുള്ള കൊച്ചിയില്‍ നിന്നുള്ള വിമാനത്തിലാണ് മുംബൈയ്ക്ക് യാത്രയായത്. വൈകീട്ട് 5ന് യെമനിയ എയർവേസിന്റെ വിമാനത്തിൽ ഏദനിലേക്ക് പോകും. സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.
‘‘ഉള്ള് പൊട്ടിപ്പോകുന്നുണ്ട്, എങ്കിലും കുറച്ച് സമാധാനമുണ്ട്. ഒത്തിരി വർഷങ്ങളായില്ലേ. കുറെ കഷ്ടപ്പെട്ടു, എങ്കിലും ഇപ്പോഴെങ്കിലും പോകാൻ പറ്റിയല്ലോ.’’ – പ്രേമകുമാരി പ്രതികരിച്ചു. ഡൽഹി ഹൈക്കോടതിയാണ് യെമനിലേക്ക് പോകാൻ പ്രേമകുമാരിക്ക് അനുമതി നൽകിയത്. വിസ ലഭിച്ച് ഒന്നര മാസമായിട്ടും വിമാനമില്ലാത്തതിനാല്‍ യാത്ര വൈകി. യെമനി പൗരന്മാർ ഇന്ത്യയിലേക്ക് എത്തുമ്പോഴേ പ്രത്യേക വിമാനം ലഭിക്കുകയുള്ളൂ. ഇത്തരം ഒരു വിമാനത്തിലാണ് പ്രേമകുമാരിക്കും സീറ്റ് ലഭിച്ചത്.
ഏദന്‍ യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ എത്തിയ ശേഷം 400 കിലോമീറ്റർ അകലെയാണ് നിമിഷപ്രിയയുള്ള യെമൻ തലസ്ഥാനമായ സന. ഇത് വിമത പക്ഷത്തിന്റെ പിടിയിലാണ്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കണം. കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പപേക്ഷ അംഗീകരിച്ചാൽ നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴി തെളിയും. അതിലേക്കുള്ള ചർച്ചകളാണ് ഇതുവരെ നടത്തിയത്.
2017ലാണ് യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2012ലാണ് ഭർത്താവുമൊത്ത് നഴ്സായ നിമിഷപ്രിയ യെമനിൽ എത്തുന്നത്. ക്ലിനിക്കിൽ ജോലിക്കു കയറിയ നിമിഷപ്രിയ അബ്ദുമഹ്ദിയെ പരിചയപ്പെടുന്നു. തുടർന്ന് ഇരുവരും പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. നിമിഷപ്രിയയും ഭർത്താവും സമ്പാദ്യമെല്ലാം അബ്ദുമഹ്ദിയെ ഏൽപ്പിച്ചു.
ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയതോടെ അബ്ദുമഹ്ദിയുടെ സ്വഭാവത്തില്‍ മാറ്റം വന്നു. നിമിഷപ്രിയ ഭാര്യയാണെന്ന് പ്രചരിപ്പിച്ചു. ഭീഷണിപ്പെടുത്തി വിവാഹം നടത്തിച്ചു. ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു. ജീവൻ പോലും അപകടത്തിലാകുമെന്ന ഘട്ടത്തില്‍ ലഹരിമരുന്ന് കുത്തിവച്ച് രക്ഷപെടാൻ ശ്രമിച്ചു. അബ്ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിനു മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം കോടതി അംഗീകരിച്ചില്ല. അപ്പീല്‍ പോയെങ്കിലും വധശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബത്തിന് ബ്ലഡ് മണി നല്‍കി മോചനത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here