പ്രേമലുവിന് ശേഷം മറ്റൊരു പ്രണയചിത്രവുമായി മമിത; വിഷ്ണു വിശാല്‍ നായകനാകുന്ന റൊമാന്റിക് സിനിമയില്‍ അഭിനയിക്കാന്‍ താരം
പ്രേമലു നൂറുകോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തിലാണ് മമിത ബൈജു. അതിനു പിന്നാലെ മറ്റൊരു പ്രണയ ചിത്രത്തിലേക്കു കൂടി ചുവടുവച്ചിരിക്കുകയാണ് താരം. നടന്‍ വിഷ്ണു വിശാലിനൊപ്പമാണ് മമിതയുടെ രണ്ടാമത്തെ തമിഴ് ചിത്രം ഒരുങ്ങുന്നത്.
രാക്ഷസന്‍ എന്ന സൈക്കോ ക്രൈം ത്രില്ലറിനു ശേഷം റാംകുമാര്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയിലാണ് മമിതയും വിഷ്ണു വിശാലും പ്രധാനവേഷങ്ങളില്‍ എത്തുന്നത്. താത്കാലികമായി വിവി 21 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് സിനിമയാണ്. ഇത് മൂന്നാം തവണയാണ് വിഷ്ണു വിശാലും റാംകുമാറും വീണ്ടും ഒന്നിക്കുന്നത്. മുണ്ഡാസുപട്ടി (2014), രാക്ഷസന്‍ (2018) എന്നിവയാണ് ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിച്ച മുന്‍ ചിത്രങ്ങള്‍.
അതേസമയം പ്രേമലുവിന് ശേഷം മമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് റിബല്‍. ജി.വി.പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര്‍.എസ്. സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളി വിദ്യാര്‍ത്ഥിയായാണ് മമിത എത്തുന്നത്. കേരളം പ്രധാന പാശ്ചാത്തലമാകുന്ന തമിഴ് ചിത്രം മാര്‍ച്ച് 22നാണ് റിലീസ്. മമിതയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് റിബല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here