‘പ്രേമലു’ മുതല്‍ ‘ആടുജീവിതം’ വരെ; ഇന്ത്യന്‍ ബോക്‌സ് ഓഫീസ് തൂക്കിയടിച്ച് മലയാള സിനിമകള്‍; ഇതാ സുവര്‍ണകാലം

മലയാള സിനിമ വ്യവസായം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോയ കാലമായിരുന്നു കോവിഡ് മഹാമാരിക്ക് ശേഷം തിയറ്ററുകള്‍ തുറന്ന സമയം. തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ കേരളത്തില്‍ നിന്നും ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും വലിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ നിരന്തര പരാജയങ്ങളുടെ കണക്കായിരുന്നു മലയാള സിനിമയ്ക്ക് എടുത്തുകാട്ടാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തെ കുറിച്ചുള്ള നെടുവീര്‍പ്പുകള്‍ക്ക് മറുപടി നല്‍കുകയാണ് 2024. കേരളത്തില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ മാത്രമല്ല ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുവരെ കോടികള്‍ കൊയ്യുകയാണ് മലയാള സിനിമകള്‍ ഇന്ന്.

ഈ വര്‍ഷം തുടങ്ങി മൂന്ന് മാസം പിന്നിട്ട് നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകള്‍ക്ക് 500 കോടിയിലധികം വരുമാനം നേടാന്‍ കഴിഞ്ഞെന്നതാണ് സന്തോഷവാര്‍ത്ത. മലയാള സിനിമകള്‍ മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത കണ്ടെത്തുന്ന പുതിയ ട്രെന്‍ഡും വ്യവസായത്തിന് ഗുണം ചെയ്തു.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്നു മാത്രം 50 കോടിയിലധികം രൂപ വാരിക്കൂട്ടി ചരിത്രം സൃഷ്ടിച്ചു. തമിഴ്നാട്ടില്‍ ഈ നാഴികക്കല്ല് കടക്കുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമകളുടെ പ്രതിച്ഛായ മാറ്റാനും ചിത്രത്തിന് സാധിച്ചു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 225 കോടിയോളം രൂപ നേടിയ മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ച ചിത്രമായി. ചിത്രം തെലുങ്കിലേക്കും ഡബ്ബ് ചെയ്യപ്പെട്ടു.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ നിര്‍മാണച്ചെലവ് 5 കോടിയില്‍ താഴെയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയതാകട്ടെ 135 കോടിയിലധികം രൂപയും. പ്രേമലുവിന്റെ തെലുങ്ക് പതിപ്പും സൂപ്പര്‍ ഹിറ്റ് ആയി. തെലുങ്ക് ബോക്സ് ഓഫീസില്‍ 11 കോടിയിലധികം വാരിക്കൂട്ടി.

ഇതിനിടയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ഭ്രമയുഗവും തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 55 കോടിയിലധികം രൂപ നേടി. മീഡിയം-ബജറ്റില്‍ ഒരുങ്ങിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളായ അന്വേഷിപ്പിന്‍ കണ്ടെത്തും, എബ്രഹാം ഓസ്ലര്‍ എന്നീ ചിത്രങ്ങളും ഹിറ്റടിച്ചു.

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മികച്ച ഓപ്പണിങ് കളക്ഷന്‍ നേടി. ബോക്സ് ഓഫീസില്‍ ഏറ്റവും പെട്ടെന്ന് 50 കോടി ക്ലബ്ബില്‍ കയറുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍, ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 80 കോടി രൂപയാണ്. ആടുജീവിതം ഉടന്‍ തന്നെ 100 കോടി ക്ലബ്ബില്‍ പ്രവേശിക്കും എന്ന് ഉറപ്പായി.

കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മാസ് ഓഡിയന്‍സിനെ പിടിച്ചിരുത്തുന്ന ചിത്രങ്ങള്‍ നല്‍കാന്‍ മലയാള സിനിമയ്ക്ക് സാധിക്കുന്നില്ലെന്ന പേര് ഇതോടെ മാറിക്കിട്ടി. മുന്‍ വര്‍ഷങ്ങളില്‍ മലയാള സിനിമ വ്യവസായം സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടിരുന്നതെങ്കില്‍ ഇത് മലയാള സിനിമയുടെ പുത്തന്‍ ഉണര്‍വാണെന്നു വേണം വിശേഷിപ്പിക്കാന്‍. 2023ല്‍ ബോക്സ് ഓഫീസില്‍ മലയാള സിനിമകളുടെ വിജയ നിരക്ക് 10 ശതമാനത്തില്‍ താഴെയായിരുന്നു. ആ വര്‍ഷം പുറത്തിറങ്ങിയ ഏകദേശം 220 സിനിമകളില്‍ 14 എണ്ണം മാത്രമാണ് സാമ്പത്തിക വിജയം നേടിയത്.

നിലവിലെ ട്രെന്‍ഡുകള്‍ വിലയിരുത്തുമ്പോള്‍ മലയാള ചലച്ചിത്ര വ്യവസായം ഭാഷാ-സാംസ്‌കാരിക വേലിക്കെട്ടുകള്‍ ഭേദിച്ചുകൊണ്ട് മാസ് ഓഡിയന്‍സിന്റെ അംഗീകാരം നേടുന്ന സിനിമകള്‍ നിര്‍മിക്കാന്‍ പാകത്തിലേക്ക് വളരുന്നു എന്ന് വേണം മനസിലാക്കാന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top