കീരവാണിക്കു വേണ്ടി മമ്മൂട്ടി ചിത്രത്തിലെ പാട്ടുപാടി ‘പ്രേമലു’വിലെ ആദി; സ്വന്തം പാട്ടുകേട്ട് കയ്യടിച്ച് ഓസ്‌കര്‍ ജേതാവ്

ഹൈദരബാദില്‍ നടന്ന പ്രേമലുവിന്റെ വിജയാഘോഷ പരിപാടിയില്‍ ഓസ്‌കര്‍ ജേതാവ് കീരവാണിക്കു മുന്നില്‍ പാട്ടുപാടാന്‍ കഴിഞ്ഞത് നടന്‍ ശ്യാം മോഹനെ സംബന്ധിച്ചിടത്തോളം ഒരു ‘ഡ്രീം കം ട്രൂ’ നിമിഷമായിരുന്നു. വിജയാഘോഷത്തിനു മുമ്പു തന്നെ സംവിധായകന്‍ എസ്.എസ്. രാജമൗലി, ശ്യാം അവതരിപ്പിച്ച ആദിയാണ് പ്രേമലുവിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം എന്നു പറഞ്ഞിരുന്നു. ആഘോഷ പരിപാടിയില്‍ ശ്യാം മോഹനെ നേരിട്ട് കണ്ടപ്പോള്‍ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ശ്യാമിന് ലോട്ടറി അടിച്ചതുപോലൊരു ദിവസമായിരുന്നു ഹൈദരാബാദില്‍ നടന്ന പ്രേമലു വിജയാഘോഷം.
സോഷ്യല്‍ മീഡിയയിലൂടെ പാട്ടുകള്‍ പാടി ആളുകളെ കയ്യിലെടുത്ത ആളാണ് ശ്യാം. കീരവാണിയുടെ മുന്നില്‍ പാടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണെന്നാണ് സ്റ്റേജില്‍ സംസാരിച്ച ശ്യാം പറഞ്ഞത്.

“കീരവാണി സര്‍, ഞാന്‍ താങ്ങളുടെ വലിയ ആരാധകനാണ്. ഞാനും എന്റെ ഭാര്യയും കണ്ടുമുട്ടിയത് സ്മ്യൂള്‍ എന്ന ആപ്ലിക്കേഷന്‍ വഴിയാണ്. അവിടെ ഞങ്ങള്‍ ഒന്നിച്ചു പാടാന്‍ തുടങ്ങി. പിന്നെ ഇഷ്ടപ്പെടടു, വിവാഹിതരായി,” പാടുന്നതിനു മുമ്പ് ശ്യാം പറഞ്ഞു. പിന്നീട് 1992ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സൂര്യമാനസത്തിലെ ‘തരളിത രാവില്‍ മയങ്ങിയോ…’ എന്ന ഗാനം ശ്യാം പാടി. താന്‍ സംഗീതം പകര്‍ന്ന പാട്ട് കീരവാണിയും ആസ്വദിച്ചു. ഇതിന്റെ വീഡിയോ ശ്യാം പങ്കുവച്ചിട്ടുണ്ട്.
പ്രേമലവുമിലും കീരവാണി സംഗീതം നല്‍കിയ ഒരു പഴയ സിനിമാ ഗാനം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് കൗതുകകരമായ ഒരു സവിശേഷത. ദേവരാഗം 2.0 എന്ന പേരില്‍ ‘യ യ യാ യാദവാ എനിക്കറിയാം’ എന്ന പാട്ട് ആദി എന്ന കഥാപത്രവും മമിതയുടെ റീനു എന്ന കഥാപാത്രവും ഒന്നിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here