യേശു ഇറങ്ങിപ്പോയ സഭകള്‍; തമ്മിലടി മൂലം വിശ്വാസികള്‍ അകലുന്നു; ക്രൈസ്തവ സഭകളില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ഒടുവില്‍ കോടതി കയറിയത് ക്‌നാനായ സഭയിലെ തര്‍ക്കം

തിരുവനന്തപുരം : അന്തഛിദ്രം പിളര്‍പ്പിലേക്ക് എത്തുമ്പോള്‍ കേരളത്തിലെ ക്രൈസ്തവ സഭകളെ ആകെ ബാധിക്കുന്ന ജീര്‍ണ്ണത വീണ്ടും ചര്‍ച്ചയാവുകയാണ്. വിശ്വാസ പ്രശ്നങ്ങളല്ല, സ്വത്തും അധികാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് എല്ലായിടത്തും ആഭ്യന്തര കലാപങ്ങള്‍ക്ക് വഴിവയ്ക്കുന്നത് എന്നതാണ് സമീപകാല ചിത്രം. ഒരുകാലത്ത് കേരളത്തിലെ സാമൂഹ്യ, രാഷ്ടീയ രംഗങ്ങളില്‍ അങ്ങേയറ്റം മതിപ്പും ബഹുമാനവും ലഭിച്ചിരുന്ന ഏതാണ്ടെല്ലാ ക്രൈസ്തവ സഭകളും അവരുടെ നേതാക്കളും തമ്മില്‍ത്തല്ലി തലകീറുന്ന അവസ്ഥയില്‍ എത്തിക്കഴിഞ്ഞു. ഇതര സഭകളുമായി ഏറ്റുമുട്ടുന്നവര്‍ ഒരു വശത്ത്, മറുവശത്ത് ആഭ്യന്തര കലാപങ്ങള്‍ മൂലം തകര്‍ച്ചയിലേക്ക് നീങ്ങുന്ന സഭകളും; ഈ ഏറ്റുമുട്ടലുകള്‍ മിക്കപ്പോഴും ക്രമസമാധാന പ്രശ്‌നമായി മാറുന്നതും പതിവാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന് പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളാണ് തെരുവിലും പള്ളികളിലും പോരുകോഴികളെപ്പോലെ ഏറ്റുമുട്ടുന്നത്.

ഏറ്റവുമൊടുവില്‍ അംഗസംഖ്യയില്‍ കേരളത്തിലെ ഏറ്റവും ചെറിയ സഭകളിലൊന്നായ ക്‌നാനായ യാക്കോബായ സഭയില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് പോര്‍ വിളി നടത്തുകയാണ്. കോട്ടയം – ചിങ്ങവനം ആസ്ഥാനമായ ക്‌നാനായ യാക്കോബായ സഭ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വിഛേദിച്ച് സ്വതന്ത്ര സഭയാകാനുള്ള ഒരുക്കത്തിലാണ്. ഈ നീക്കത്തിന്റെ ഭാഗമായി സഭാ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ക്‌നാനായ സമുദായമെത്രാപ്പോലീത്ത ബിഷപ്പ് കൂര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്റ് ചെയ്തു. ഇതിനെതിരെ മെത്രാപ്പോലീത്ത മുന്‍സിഫ് കോടതിയില്‍ പോയി സ്റ്റേ വാങ്ങി. മാര്‍ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ പാത്രിയര്‍ക്കീസിന്റെ ചിത്രവും സസ്‌പെന്‍ഷന്‍ ഉത്തരവും തെരുവില്‍ കത്തിച്ച് പ്രതിഷേധിച്ചു. സഭയിലെ മറ്റ് മൂന്ന് സഹായമെത്രാന്മാര്‍ സമുദായ മെത്രാപ്പോലീത്തക്ക് എതിരായ നീക്കത്തിലാണ്. ഈ മൂന്നു പേരുടേയും അധികാര അവകാശങ്ങള്‍ മാര്‍ സേവേറിയോസ് റദ്ദു ചെയ്തിരിക്കയാണ്. കഷ്ടിച്ച് 30000ത്തിനും 40000ത്തിനുമിടയില്‍ മാത്രം അംഗസംഖ്യയുള്ള സഭയിലെ അവസ്ഥയിതാണ്.

കഴിഞ്ഞ നൂറ്റിപ്പത്ത് വര്‍ഷമായി തെരുവിലും കോടതിയിലും ഏറ്റുമുട്ടുന്ന രണ്ട് പ്രബല സഭകളാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും മലങ്കര യാക്കോബായ സുറിയാനി സഭയും. ഇരു സഭകളുടേയും വിശ്വാസ ആചാരങ്ങള്‍ ഏതാണ്ട് ഒരു പോലെയാണ്. ആരാധനക്രമങ്ങളിലും കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ, സഭാ സ്വത്തുക്കളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒരു നൂറ്റാണ്ടായി തുടര്‍ന്ന് വരുന്നത്. പല കോടതി വിധികള്‍ വന്നിട്ടും ശാശ്വത സമാധാനം ഇന്നും അകലെയാണ്. പ്രാദേശികമായി പളളികളുടെ ഉടമസ്ഥാവകാശത്തെ ച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂലം വിശ്വാസികളുടെ ശവസംസ്‌കാരം പോലും തടസ്സപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്‌കരിക്കാനാവാതെ മൃതദ്ദേഹം ദിവസങ്ങളോളം മോര്‍ച്ചറിയില്‍ വെക്കേണ്ട ഗതികേടുകള്‍ ഉണ്ടായിട്ടും ഇരുകൂട്ടരും തമ്മിലുള്ള അസ്വസ്ഥതകള്‍ ഇന്നും തുടരുകയാണ്. ഒരു കാരണവശാലും സമാധാനം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന കുറെ മെത്രാന്മാരും വൈദികരും വിശ്വാസികളും രണ്ട് പക്ഷത്തുമുണ്ട്. ‘ഞാന്‍ നല്ല ഇടയാനാകുന്നു, ഞാന്‍ ആടുകളെ നേര്‍വഴിക്ക് നടത്തു’മെന്ന് പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളുടെ വഴിവിട്ട പോര്‍വിളികള്‍ നാടിനെ കലാപസമാനമാക്കിയിരിക്കയാണ്. നിരവധി പള്ളികള്‍ തര്‍ക്കത്തിന്റെ പേരില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കയാണ്.

കേരളത്തിലെ ഏറ്റവും വലിയ സഭയായ സീറോ മലബാര്‍ സഭയിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. ആളിലും അര്‍ത്ഥത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സീറോ മലബാര്‍ സഭയുടെ മിക്ക രൂപതകളിലും പല തരത്തിലുള്ള അസ്വസ്ഥതകള്‍ പുകയുകയാണ്. കണക്കില്ലാത്ത വിധം സ്വത്തുക്കളും വരുമാന സ്രോതസുകളും സഭയുടെ നേതൃത്വത്തെ ഏകാധിപതികളും സുഖലോലുപന്‍മാരുമാക്കി മാറ്റി.

കാലം മാറിയത് തിരിച്ചറിയാത്ത സഭയിലെ ഒരു പറ്റം ബിഷപ്പുമാരെ വിശ്വാസികള്‍ ചോദ്യം ചെയ്യുകയും, അവര്‍ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തികളെ കോടതി കയറ്റുകയും ചെയ്തതോടെ സീറോ മലബാര്‍ സഭയുടെ ഏകശിലാ സ്വഭാവത്തിന് തന്നെ ഇളക്കം തട്ടി. വൈദികരുടേയും ബിഷപ്പുമാരുടേയും ലൈംഗിക പീഡനങ്ങളെ ചോദ്യം ചെയ്യുന്നതും പരസ്യ വിചാരണക്ക് വിധേയമാക്കാനും തുടങ്ങി. പലരും ജയിലിലായി.

സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ രൂപതകളിലൊന്നായ അങ്കമാലി- എറണാകുളം അതിരൂപതയുടെ ഭുമി അനുമതിയില്ലാതെ വിറ്റ സംഭവത്തില്‍ സഭയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിരവധി കേസുകളില്‍ പ്രതിയാണ്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ചതി തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനും പുറമേ എന്‍ഫോഴ്‌മെന്റ്, ആദായ നികുതി വകുപ്പുകളും കര്‍ദ്ദിനാളിനെതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്.

ക്രിമിനല്‍ കേസുകളില്‍ പ്രതിസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നില്‍ക്കുമ്പോഴാണ് രൂപതയില്‍ ഏകീകൃത കുര്‍ബാന അനുഷ്ഠിക്കണമെന്ന വിവാദം പൊട്ടിപ്പുറപ്പെടുന്നത്. ജനങ്ങളെ അഭിമുഖീകരിച്ച് കുര്‍ബാന വേണമെന്ന് ചിലര്‍, അതല്ല അള്‍ത്താരയ്ക്ക് അഭിമുഖമായി കുര്‍ബാന നടത്തണമെന്ന് ഒരു കൂട്ടര്‍ . തര്‍ക്കങ്ങള്‍ സഭയില്‍ സജീവമാണ്. അങ്കമാലി- എറണാകുളം അതിരൂപതയിലെ ബഹു ഭൂരിപക്ഷം വൈദികരും വിശ്വാസികളിലെ ഭൂരിപക്ഷവും ജനാഭിമുഖ കുര്‍ബാന മതിയെന്ന് നിലപാട് എടുത്തപ്പോള്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ആ നീക്കത്തിന് എതിരായിരുന്നു. ഇതിനെതിരെ വൈദികര്‍ കര്‍ദ്ദിനാളിന്റെ ആസ്ഥാനം ഉപരോധിച്ചു. പല തട്ടുകളിലായി സമാധാന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രാപ്തി കൈവരിച്ചില്ല.മാര്‍പ്പാപ്പ ഇടപെട്ടിട്ടും വിശ്വാസികളും വൈദികരും വഴങ്ങിയിട്ടില്ല. പല പള്ളികളിലും കൂട്ടത്തല്ലുകള്‍ പതിവായി. മാര്‍പ്പാപ്പയുടെ പ്രതിനിധിയായി വന്ന വ്യക്തിക്കു നേരെയും കൈയ്യേറ്റ ശ്രമങ്ങളുണ്ടായി. കാക്കനാട് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശ്വാസികള്‍ ചേരി തിരിഞ്ഞ് അടി നടത്തി. കുര്‍ബാന നടത്താറുള്ള മേശ അടിച്ചു പൊളിച്ചു. കത്തീഡ്രല്‍ പള്ളി നാളുകളായി അടഞ്ഞുകിടക്കുക യാണ്.

1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് 2021 വര്‍ഷം ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖകുര്‍ബാനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം തുടരുന്നത്. യാഗത്തിലല്ല, കരുണയിലാണ് ദൈവം പ്രസാദിക്കുന്നതെന്ന് പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളാണ് കുര്‍ബാന എങ്ങോട്ട് നോക്കി നടത്തണമെന്ന് പറഞ്ഞ് അടി കൂടുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സഭകളിലൊന്നാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ അഥവ സിഎസ്‌ഐ സഭ. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സഭയില്‍ 30 ലക്ഷത്തിലധികം വിശ്വാസികളും ആയിരക്കണക്കിന് കോടിയുടെ സ്വത്തുക്കളും സിഎസ്‌ഐ സഭയ്ക്കുണ്ട്. പല വര്‍ഷങ്ങളായി ഈ സഭയുടെ നേതൃത്വം ഒന്നടങ്കം അഴിമതി ആരോപണങ്ങളില്‍ പെട്ടു കിടക്കയാണ്. 2018 ല്‍ സഭയുടെ തലവനായിരുന്ന മോഡറേറ്റര്‍ ബിഷപ്പ് ഗോവദ ദൈവാര്‍ ശിര്‍വാദം ആന്ധ്രപ്രദേശിലെ സഭയുടെ കോടിക്കണക്കിന് വരുന്ന വസ്തുക്കള്‍ അനുമതിയില്ലാതെ വിറ്റഴിച്ചതിന്റെ പേരില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട് വന്ന മോഡറേറ്റര്‍ മലയാളിയായ ബിഷപ്പ് ധര്‍മ്മ രാജ് റസാലവും നിരവധി അഴിമതിക്കേസില്‍ പ്രതിസ്ഥാനത്താണ്. ബിഷപ്പിന്റെ വീട്ടിലും സഭയുടെ സ്ഥാപനങ്ങളിലും ഇഡിയുടെ റെയ്ഡും ചോദ്യം ചെയ്യലുമൊക്കെ നടന്നു. കോടതി വിധിയെത്തുടര്‍ന്ന് റസാലത്തിന് മോഡറേറ്റര്‍ സ്ഥാനത്തു നിന്ന് മാറേണ്ടി വന്നു. സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം സോമര്‍വെല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളില്‍ റസാലം പ്രതിയാണ്. അഴിമതി ആരോപണങ്ങളുടെ പേരില്‍ സഭയുടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബിഷപ്പിന്റെ കോലം കത്തിച്ചും, ചിത്രത്തില്‍ ചെരുപ്പുമാല അണിയിച്ചും വിശ്വാസികള്‍ പ്രതിഷേധിച്ചു.

വലിയ പാരമ്പര്യവും വിശ്വാസ തീഷ്ണതയുമൊക്കെ കൊട്ടിഘോഷിക്കുന്ന ക്രൈസ്തവ സഭകളില്‍ തികഞ്ഞ അരാജകത്വമാണ് നിലനില്‍ക്കുന്നത്. പുതിയ തലമുറ സഭകളിലെ ആരാധനകളില്‍ നിന്നും വിശ്വാസ ആചാരങ്ങളില്‍ നിന്നും അകന്നു പോകുകയാണ്. കുമിഞ്ഞു കൂടുന്ന സ്വത്തുക്കള്‍ക്ക് വേണ്ടിയുള്ള ഒരു പറ്റം സഭാ നേതാക്കളുടെ അത്യാഗ്രഹം പാരമ്പര്യ സഭകളുടെ കാല്‍ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന അവസ്ഥയിലെത്തിയിരിക്കയാണ്. ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന് പറഞ്ഞ യേശുവിന്റെ പിന്‍മുറക്കാരാണ് വിശ്വാസികളെ ഇപ്പോള്‍ അന്ധകാരത്തിലേക്ക് നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top