സിറിയയിൽ ബഷാർ അൽ അസാദ് സർക്കാർ ഉടൻ വീഴും!! വിമതസൈന്യം ഡമാസ്കസിന് തൊട്ടരികെ
സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസാദിന് വീണ്ടും തിരിച്ചടി. സിറിയയിലെ 2011 ലെ ആഭ്യന്തര കലാപത്തിൻ്റെ പ്രഭവകേന്ദ്രം എന്നറിയപ്പെടുന്ന ദാരാ നഗരത്തിൻ്റെ നിയന്ത്രണം സിറിയൻ സേനയ്ക്ക് നഷ്ടപ്പെട്ടു. ഇതോടെ സിറിയൻ വിമതസൈന്യം നിലവിൽ ഡമാസ്‌കസിൽ നിന്ന് 20 കിലോമീറ്റർ അകലെ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. അൽ അസാദിനെ എതിർക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതൃത്വത്തിലുള്ള വിമത സൈന്യമാണ് തലസ്ഥാന നഗരത്തിന് തൊട്ടടുത്ത് എത്തിയിരിക്കുന്നത്.
സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയും രാജ്യത്തിൻ്റെ മധ്യമേഖലയിലെ ഹമയും ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലാണ്. റഷ്യയും
ഇറാനും പിന്തുണയ്ക്കുന്ന സിറിയൻ സർക്കാരിനെതിരെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണ് വിമത നീക്കം. ഇതിന് തുർക്കിയുടെ പിന്തുണയുണ്ട്.
കഴിഞ്ഞ മാസം 27 മുതൽ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 14 വർഷമായി സിറിയയിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്. നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശക്തമായ യുദ്ധത്തിലേക്ക് രാജ്യം നീങ്ങുന്നത്.
അതേസമയം സിറിയയിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണമെന്നായിരുന്നു നിർദ്ദേശം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here