സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ്ഭവന്‍റെ വാര്‍ത്താക്കുറിപ്പ്‌; അനുമതി ലോകായുക്ത നിയമഭേദഗതി ബില്ലിന് മാത്രം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിന് മാത്രമാണ് രാഷ്ട്രപതി അനുമതി നല്‍കിയെന്ന് രാജ്ഭവന്‍റെ വാര്‍ത്താക്കുറിപ്പ്‌. സര്‍വകലാശാലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളും രാഷ്‌ട്രപതി തടഞ്ഞുവെച്ചെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നത്തിനുള്ള കേരള സര്‍വകലാശാല നിയമം 2022, സര്‍ച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്നതിനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2021 എന്നിവയാണ് തടഞ്ഞുവെച്ചത്.

ലോകായുക്ത ബില്‍ അടക്കം ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ 2023 നവംബറിൽ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. ഇതില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന് മാത്രമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. അഴിമതിക്കുറ്റം തെളിഞ്ഞതായി ലോകായുക്ത ഉത്തരവിട്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടതില്ല എന്നതാണ് ലോകായുക്ത ബില്ലിലെ പ്രധാന ഭേതഗതി.

2022 ഓഗസ്റ്റിലാണ് നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയത്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരുന്നത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്‍. കേരള നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ നടപടിയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top