പത്രങ്ങൾക്ക് നോട്ടീസയച്ച് പ്രസ് കൗണ്‍സില്‍; ജെയിൻ യൂണിവേഴ്സ്റ്റിയുടെ പരസ്യത്തിൽ മനോരമ, മാതൃഭൂമി അടക്കം വിശദീകരിക്കേണ്ടി വരും

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കും വിധം പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി’ എന്ന് ഒന്നാം പേജിൽ വാർത്തയെന്ന മട്ടിൽ പരസ്യം പ്രസിദ്ധീകരിച്ചത് ഇക്കഴിഞ്ഞ മാസം 24നാണ്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായെന്ന് നിരീക്ഷിച്ചാണ് നടപടിക്കുള്ള നീക്കം. 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകാനാണ് പത്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജെയിൻ യൂണിവേഴ്സിറ്റി സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. എന്നാൽ പരസ്യമാണെന്ന് ഒരിടത്തും പരാമർശിച്ചില്ല. ഇത് ഗുരുതര പിഴവാണെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. 2050ൽ പത്രങ്ങളുടെ ഒന്നാം പേജ് എങ്ങനെയായിരിക്കും എന്ന വിഭാവനം ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരണം ഉണ്ടായെങ്കിലും പ്രസ് കൗണ്‍സിലിന് വ്യാപകമായി പരാതികൾ കിട്ടി. ദേശാഭിമാനി ഒഴികെ എല്ലാ മലയാള പത്രങ്ങളും ഒന്നാം പേജ് പൂർണമായും ഇതിനായി മാറ്റിവച്ചു.

ഫെബ്രുവരി ഒന്നു മുതൽ നോട്ടുകൾ നിർത്തലാക്കുമെന്നും രാജ്യം പൂർണമായും ഡിജിറ്റൽ ആകുമെന്നും റിസർവ് ബാങ്ക് അറിയിച്ചെന്നും ഉള്ള ലേഖനങ്ങളുടെ ഉള്ളടക്കം വ്യാപകമായി പരിഭ്രാന്തി പരത്തുകയും ചെയ്തു. നോട്ടുനിരോധന കാലത്തേത് പോലെ മുൻകരുതൽ എടുക്കാൻ ആളുകൾ ബാങ്കുകളെ ബന്ധപ്പെടുക പോലുമുണ്ടായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്ത പരസ്യം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top