വാഹനങ്ങള്‍ക്ക് തീപിടിക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്; ജാഗ്രത പാലിക്കാന്‍ 16 നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. അന്തരീക്ഷ താപനില ഉയരുന്നത് അനുസരിച്ച് വാഹനങ്ങൾ ഓട്ടത്തിനിടെ തീപിടിക്കുന്നത് പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇക്കാര്യത്തിൽ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ചോർച്ച, വാഹനം രൂപമാറ്റം വരുത്തുന്നത് മുതൽ, വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തിൻ്റെ പ്രത്യേകതകൾ വരെ അഗ്നിബാധയ്ക്ക് കാരണമാകാമെന്ന് എംവിഡി പറയുന്നു. അപകടസാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇക്കാര്യത്തിൽ വാഹനയുടമകൾ നിരന്തരം ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളും മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
എംവിഡി പുറപ്പെടുവിച്ച പരിഹാര മാര്‍ഗങ്ങള്‍
1. കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുക. ദിവസത്തിൽ ഒരിക്കല്‍ ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക.
2. വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വെക്കുക
3. കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തണം. ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക.
4. വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള പാർട്സുകൾ മാത്രം ഉപയോഗിക്കുക. അനാവശ്യ മോഡിഫിക്കേഷന്‍ ഒഴിവാക്കുക.
5. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
6. പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുക. കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുക.
7. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
8. കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
9. വാട്ടർ ബോട്ടിലുകൾ സാനിറ്റൈസറുകൾ സ്പ്രേകൾ എന്നിവ ഡാഷ്ബോർഡിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
10. വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.
11. വാഹനത്തിനകത്ത് ഇന്ധനം, തീപ്പെട്ടി, ലൈറ്ററുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
12. ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.
13. സാധാരണ വാഹനത്തിന്‍റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക. എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്.
14. വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് അഗ്നിബാധയിലേക്ക് നയിക്കാം. അതിനാല്‍ സുരക്ഷിതമായും ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ അനുവർത്തിച്ചു കൊണ്ടും വാഹനം ഓടിക്കുക.
15. എല്ലാ വാഹനങ്ങളിലും പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷർ സൂക്ഷിക്കുക.
16. വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഉണങ്ങിയ ഇലകളും പ്ലാസ്റ്റിക്കുമുള്ള സ്ഥലങ്ങളും അഗ്നിബാധയ്ക്ക് സാധ്യതയുള്ള സാഹചര്യവും ഒഴിവാക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here