വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി; ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവർക്ക് തിരിച്ചടി
തിരുവനന്തപുരം: ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് ഇനി അത്ര എളുപ്പമാകില്ല. വേറൊന്നുമല്ല പോക്കറ്റ് കീറും. ഒരു മാസം മുൻപ് കുറച്ച വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില ഇന്നലെ വീണ്ടും കൂട്ടി. കഴിഞ്ഞ മാസം 158 രൂപയായി കുറച്ചത് ഈ മാസം 209 രൂപയാക്കി കൂട്ടി. കൊച്ചിയിൽ 1747.50 രൂപയാണ് പുതുക്കിയ വില.
ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. ജോലിക്കും പഠനത്തിനുമൊക്കെയായി വീട്ടിൽ നിന്ന് മാറി ഒറ്റക്ക് താമസിക്കുന്ന നിരവധി പേർ ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവരാണ്. ചുരുങ്ങിയ ചെലവിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുടമകൾക്കും ഈ സാഹചര്യത്തിൽ വില കൂട്ടാതെ നിർവാഹം ഉണ്ടാവില്ല. ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവ് വരുമോ എന്ന ആശങ്കയിലാണ് ഇവരിൽ പലരും. 1200 രൂപക്ക് സിലിണ്ടർ ലഭിച്ചാൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകാൻ സാധിക്കും മറിച്ചാണെങ്കിൽ വില കൂട്ടാതെ നിർവാഹമില്ലെന്നാണ് ഹോട്ടൽ ഉടമ അജിത്കുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. അത്പോലെ തന്നെ നിത്യേനയുള്ള ഭക്ഷണച്ചെലവ് വർധിക്കുന്നത് സാമ്പത്തിക സ്ഥിതി തകിടം മറിക്കുമോയെന്ന് ഉപഭോക്താക്കൾക്കും ഭയമുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ഏവിയേഷൻ ഫ്യൂവലിന് അഞ്ചു ശതമാനം കൂട്ടിയത് വിമാന യാത്ര നിരക്കിലും വർധനയുണ്ടാകും. വില നിയന്ത്രണം എണ്ണ കമ്പനിയുടെ കയ്യിലാണെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ തലയൂരുന്നത്. എന്നാൽ വില കുറഞ്ഞത് സ്വന്തം ക്രെഡിറ്റിൽ കൊണ്ട് വരാനും മറന്നിട്ടില്ല.