താനിപ്പോഴും ബിജെപിയില്‍ തന്നെ; പുറത്താക്കപ്പെട്ട വൈദികന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്; ഭാവിയില്‍ ക്രിസ്ത്യാനികള്‍ക്ക് പാര്‍ട്ടിയുമായി സഹകരിക്കേണ്ടിവരും
ഇടുക്കി: ബിജെപിയില്‍ ചേര്‍ന്നതിനാല്‍ വികാരി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട സീറോമലബാര്‍ സഭ വൈദികൻ പിന്നോട്ടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും ഭാവിയില്‍ നമ്മള്‍ പാര്‍ട്ടിയുമായി സഹകരിച്ചു പോകേണ്ടി വരുമെന്നും ഫാ. കുര്യാക്കോസ് മറ്റം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എല്ലാവരുടെയും നിലനില്‍പ്പിന് ബിജെപിയില്‍ ചേരുന്നതാണ് നല്ലതെന്നും വൈദികന്‍ കൂട്ടിചേർത്തു.
ബിജെപി ഹിന്ദുകളുടെ പാര്‍ട്ടിയാണ്. എന്നാല്‍ അതില്‍ ക്രിസ്ത്യാനികള്‍ ചേരാന്‍ പാടില്ല എന്ന ധാരണയുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടിയിലെ അനുഭാവിയായി തുടരുന്നത്. ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന അക്രമങ്ങള്‍ കുറയാനാണ് സാധ്യത. പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്നും വൈദികന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഫാ. കുര്യാക്കോസിനെ ബിജെപിയില്‍ അംഗത്വം എടുത്തത്തിന്റെ പേരിൽ മാങ്കുവ ഇടവക വികാരി ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ പാടില്ല എന്നതിനാലാണ് വികാരി ചുമതലയില്‍ നിന്നും നീക്കിയതെന്ന് ഇടുക്കി രൂപത വിശദീകരിച്ചിരുന്നു. ഇടവക ഭരണങ്ങളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടത്. നിലവില്‍ വൈദികന്‍ അടിമാലിയിലെ പ്രൊവിന്‍സിലാണ്.
പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഫാ. കുര്യാക്കോസ്, ഇടവകയിലെ ബിജെപിക്കാരനായ കൈക്കാരനുമായുള്ള സൗഹൃദത്തിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി വൈദികനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ വൈദികന്‍ ബിജെപി അംഗത്വം സ്വീകരിക്കുന്ന വീഡിയോ പാര്‍ട്ടിക്കാര്‍ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു സഭ നടപടി.