കൈവെട്ടുകേസ് ഒന്നാംപ്രതി കണ്ണൂരിൽ പിടിയില്‍; വലയിലായത് 13 വർഷത്തിന് ശേഷം

കൊച്ചി: തൊടുപുഴ ന്യുമാൻ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം, കുന്നത്തുനാട് അശമന്നൂര്‍ സ്വദേശി സവാദ് പിടിയിൽ. പതിമൂന്ന് വർഷത്തിന് ശേഷമാണ് സവാദ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ ) ഇയാളെ പിടികൂടിയത്. കണ്ണൂർ, മട്ടന്നൂരിലെ ബേരത്ത് മരപ്പണി ചെയ്ത് വരികയായിരുന്ന സവാദിനെ ഇന്നലെ അർധരാത്രിയോടെ വാടക വീട്ടിൽ നിന്നാണ് പിടിച്ചത്. ഇയാളെ കൊച്ചിയില്‍ എത്തിച്ചെന്നാണ് സൂചന.
എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സവാദിനെ, കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചാണ് മലയാളം അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയത്. പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ അധ്യാപകന്‍ ടി.ജെ.ജോസഫ് അഭിനന്ദിച്ചു. എന്നാല്‍ ഗൂഢാലോചന നടത്തിയവരിൽ അന്വേഷണം എത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2010 ജൂലൈ നാലിനാണ് കേരളത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദാണ് കൈവെട്ടിയത്. കൃത്യം നടത്തിയ ദിവസം തന്നെ ആലുവയിൽ നിന്ന് ബെംഗളൂരുവിലേക്ക് സവാദ് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് സവാദ് കടന്നത്. 54 പ്രതികളെയാണ് കേസിൽ പ്രതിചേർത്തത്. ഇതിൽ മറ്റെല്ലാവരുടെയും വിചാരണ പൂർത്തിയായി. 13 പേരെ ശിക്ഷിക്കുകയും ചെയ്തു. സവാദിന്റെ കൂട്ടാളികളായ എം.കെ.നാസർ, സജിൽ, നജീബ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സവാദ് വിദേശത്തേക്ക് കടന്നെന്ന വിവരത്തെത്തുടർന്ന് എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ദുബായ്, പാകിസ്ഥാൻ, നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here