ധ്യാനം പൂര്‍ത്തിയാക്കി കന്യാകുമാരിയില്‍ നിന്നും മടങ്ങി മോദി; തിരുവളളുവർ പ്രതിമയിലും ആദരമര്‍പ്പിച്ചു; പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി

കന്യാകുമാരി വിവേകാനന്ദപാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. തിരുവള്ളുവരുടെ പ്രതിമയില്‍ ആദരമര്‍പ്പിച്ച ശേഷമാണ് വിവേകാന്ദപാറയില്‍ നിന്നും മോദി കരയിലേക്ക് എത്തിയത്. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഗസ്റ്റ്ഹൗസില്‍ അല്പ്പനേരത്തെ വിശ്രമത്തിന് ശേഷം ഹെലികോപ്റ്ററില്‍ തിരിവനന്തപുരത്ത് എത്തി. 4.10ന് വായുസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി.
തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച ദിവസമാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയില്‍ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിവേകാനന്ദ സ്മാരകത്തില്‍ എത്തി വിവേകാനന്ദ പ്രതിമയിലും, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാ ദേവിയുടേയും ചിത്രങ്ങളിലും ആദരമര്‍പ്പിച്ചു. അതിനുശേഷമാണ് മോദി ധ്യാനം ആരംഭിച്ചത്. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിരുന്നു.
ധ്യാനം രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. നിശബ്ദ പ്രചരണത്തിന്റെ നാളുകളില്‍ മാധ്യമങ്ങളുടെ തലക്കെട്ടില്‍ നിറയാനുളള ശ്രമമാണ് മോദി നടത്തുന്നതെന്നാണ് പ്രധാന വിമര്‍ശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here