മോദി നാളെ കേരളത്തില്‍; കുന്നംകുളത്തും കാട്ടാക്കടയിലും സംസാരിക്കും; തെക്കേ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ എല്ലാ അടവും പുറത്തെടുത്ത് ബിജെപി

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ രണ്ടിടങ്ങളില്‍ സംസാരിക്കും. ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. ആദ്യപരിപാടി ആലത്തൂരിലെ കുന്നംകുളത്താണ്. ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11 മണിക്കാണ് പൊതുസമ്മേളനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന മോദി അവിടെ നിന്നും റോഡ് മാര്‍ഗം സമ്മേളന സ്ഥലത്ത് എത്തും. നേരത്തെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കുരവന്നൂരിലേക്ക് റോഡ് ഷോ നടത്താനായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന വിഷയമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്. എന്നാല്‍ ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിച്ചു.

പ്രധാനമന്ത്രിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് റാലി ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത പൊതുസമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30നാകും പ്രധാനമന്ത്രി ഇവിടെയെത്തുക. പ്രവര്‍ത്തകര്‍ 11ന് മുമ്പ് ഗ്രൗണ്ടില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കോളേജ് ഗ്രൗണ്ടില്‍ നാല് ഗേറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാന കവാടത്തിലൂടെ ഗ്രൗണ്ടിലെ പ്രത്യേക സുരക്ഷാ പാതയിലൂടെയാകും പ്രധാനമന്ത്രി വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രധാനമന്ത്രി വേദിയില്‍ നിന്നും മടങ്ങും. വി.മുരളീധരന്‍ മത്സര രംഗത്ത് എത്തിയതോടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി മാറിയിരിക്കുകയാണ് ആറ്റിങ്ങല്‍.

തെക്കന്‍ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് മോദിയുടെ നിരന്തരമുളള സന്ദര്‍ശനം. കേരളം കൂടാതെ തമിഴ്‌നാട്ടിലും റാലികളുമായി കളം പിടിക്കാനുളള ശ്രമത്തിലാണ് മോദി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധിയും നാളെ കേരളത്തില്‍ എത്തുന്നുണ്ട്. കോഴിക്കോട് നടക്കുന്ന യുഡിഎഫ് മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. നാളെയും മറ്റന്നാളും വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. 18-ന് കണ്ണൂരും, പാലക്കാടും, കോട്ടയത്തും പ്രസംഗിക്കും. 22ന് തൃശൂരും, തിരുവനന്തപുരത്തും, ആലപ്പുഴയിലും നടക്കുന്ന റാലികളിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top