‘വിരമിക്കല്‍ തീരുമാനം നേരത്തെ എടുത്തിരുന്നു’; പ്രധാനമന്ത്രിയോട് വെളിപ്പെടുത്തി ശ്രീജേഷ്
ഒളിംപിക്‌സോടെ വിരമിക്കാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വെളിപ്പെടുത്തി മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷ്. ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി ശ്രീജേഷിനോട് വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ചോദിച്ചത്. വിരമിക്കല്‍ തീരുമാനം നേരത്തെ എടുത്തിരുന്നോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.
കുറച്ചുനാളായി വിരമിക്കലിനെ കുറിച്ച് ആലോചിക്കുകയാണെന്നും, നല്ല ഒരു പ്ലാറ്റ്‌ഫോമില്‍ വിരമിക്കണം എന്നായിരുന്നു ആഗ്രഹം. ഒളിംപിക്‌സിനേക്കാള്‍ വലിയ വേദിയില്ല. അതിനാല്‍ ഈ തീരുമാനം എടുത്തു എന്നും ശ്രീജേഷ് മറുപടി നല്‍കി. 2002ലാണ് ഇന്ത്യന്‍ ക്യാംപിലെത്തിയത്. 2004 മുതല്‍ രാജ്യത്തിനായി കളിക്കുന്നു. 20 വര്‍ഷമായി ഇന്ത്യന്‍ ജേഴ്‌സിയിലുണ്ട്. ഇത് തന്നെ വലിയ അംഗീകാരമായി കണുന്നുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.
ടീം നിങ്ങള്‍ക്ക് നല്ല യാത്രയയപ്പാണ് നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ടീമംഗങ്ങള്‍ താങ്കളെ ഓര്‍ക്കുമോ എന്ന് അറിയില്ലെന്നും പ്രധാനമന്ത്രി തമാശയായി പറഞ്ഞു. സ്വര്‍ണ്ണം നേടാന്‍ കഴിവുള്ള ടീമാണ് പാരീസിലേക്ക് പോയത്. എന്നാല്‍ സെമിയില്‍ തോറ്റപ്പോള്‍ വലിയ വിഷമം ആയിരുന്നു. വെങ്കല പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ടീം പറഞ്ഞത് ശ്രീജേഷിനായി ജയിക്കണം എന്നാണ്. ഇത് വലിയ സന്തോഷം നല്‍കി. പോഡിയത്തില്‍ നിന്നതും വലിയ സന്തോഷത്തിലായിരുന്നു.
ഇത്രയും നാളായി രാജ്യത്തിനായി കളിച്ചതിന് കിട്ടിയ ആദരമായി കാണുന്നു എന്നും ശ്രീജേഷ് പറഞ്ഞു. തമാശകളും ചിരിയും നിരഞ്ഞതായിരുന്നു പ്രധാനമന്ത്രിയും താരങ്ങളും തമ്മിലുള്ള സംഭാഷണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here