മുസ്ലിം ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞ് മോദി; മുത്തലാഖ് നിരോധനത്തിലൂടെ പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടച്ചു; മുസ്ലിം വിരുദ്ധ പ്രസംഗത്തിലെ വിമര്‍ശനം നേരിടാന്‍ പ്രധാനമന്ത്രിയുടെ ശ്രമം
ഡല്‍ഹി : മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലെ വിമര്‍ശനങ്ങള്‍ ക്ഷേമ പദ്ധതികള്‍ പറഞ്ഞ് നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തണുപ്പിക്കാന്‍ മോദി ശ്രമിക്കുന്നത്. 10 വര്‍ഷം കൊണ്ട് നടപ്പാക്കിയ മുസ്ലിം ക്ഷേമപദ്ധതികള്‍ പരാമര്‍ശിച്ചായിരുന്നു ഇന്ന് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പ്രസംഗിച്ചത്.
മുത്തലാഖ് നിരോധനത്തിലൂടെ പെണ്‍കുട്ടികളുടെ കണ്ണീര്‍ തുടച്ചു. അവരുടെ ജീവിതം സുരക്ഷിതമാക്കിതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. മുസ്ലിം സഹോദരിമാര്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ അവരുടെയൊക്കെ ആശിര്‍വാദം തനിക്കുണ്ട്. താന്‍ എന്നും മുസ്ലിംങ്ങള്‍ക്കൊപ്പമാണെന്നും മോദി പറഞ്ഞു.
മുസ്ലീങ്ങള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മുസ്ലിം വോട്ട് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് സാമ്പത്തിക സര്‍വേ നടത്തി സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. പാരമ്പര്യ സ്വത്തുക്കള്‍ പോലും അന്യമാക്കും. അമ്മമാരുടേയും സഹോദരിമാരുടേയും സ്വത്തിലാണ് കോണ്‍ഗ്രസിന്റെ കണ്ണെന്നും മോദി വിമര്‍ശിച്ചു.
ഇന്നലെ രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും എല്ലാം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമം. രാജസ്ഥാനില്‍ നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണം ചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം അങ്ങനെ നല്‍കണോയെന്ന് ചിന്തിക്കണം. അമ്മമാരുടേയും പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ഇത് നടപ്പായാല്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here