വനിതാ പ്രിൻസിപ്പലിൻ്റെ കസേര പിടിച്ചെടുത്ത് പകരം നിയമനം; ഞെട്ടിക്കുംദൃശ്യം പ്രയാഗ് രാജിൽ നിന്ന്; പിന്നിൽ ലഖ്നൗ രൂപതയിലെ അധികാരത്തർക്കം

ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) സഭയുടെ ഉടമസ്ഥതയിൽ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്രവർത്തിക്കുന്ന ബിഷപ് ജോൺസൺ ഗേൾസ് ഹൈസ്‌കൂൾ പ്രിൻസിപ്പലിനെ ഒരുസംഘം ആൾക്കാർ ബലമായി പിടിച്ചുപുറത്താക്കി. പകരം പുതിയ പ്രിൻസിപ്പലിനെ കസേരയിലിരുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ദൃശ്വങ്ങൾ വൈറലായി. വനിതാ പ്രിൻസിപ്പലിന് നേരെ നടന്ന കൈയേറ്റത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

പാരുൾ ബൽദേവ് സോളമൻ എന്ന വനിതാ പ്രിൻസിപ്പലിനെയാണ് ഒരുസംഘം ബലപ്രയോഗത്തിലൂടെ പുറത്താക്കിയത്. സ്കൂളിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ ഈ അതിക്രമം നടന്നത്. മുൻ ബിഷപ്പ് പീറ്റർ ബൽദേവിൻ്റെ മകളാണ് പാരുൾ ബൽദേവ്. നിലവിലെ ബിഷപ്പ് മോറിസ് എഡ്ഗാർ ഡാനും അനുയായികളും ചേർന്നാണ് പ്രിൻസിപ്പൽ ഓഫീസിൽ ഗുണ്ടായിസം കാണിച്ചത് എന്നാണ് ആരോപണം. ഷെർലി മസ്ഹിൻ എന്ന വനിതയെയാണ് പുതിയ പ്രിൻസപ്പിലായി ഇവർ നിയമിച്ചത്.

സിഎൻഐ സഭയുടെ ഒട്ടുമിക്ക രൂപതകളിലും അധികാരത്തർക്കങ്ങളും അടിപിടിയും പതിവാണ്. രണ്ടുവർഷം മുമ്പ് ഈ സഭയുടെ മേലധ്യക്ഷനായിരുന്ന ബിഷപ്പ് പി.സി.സിംഗിനെ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here