‘ഏറ്റവും വര്‍ക്ക് ആയത് ബേസിലും പൃഥ്വിരാജും തമ്മിലുള്ള സീനുകള്‍’; കോമ്പിനേഷന്‍ ഹിറ്റ് ആകുമെന്ന് ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന്‍

ഏറെ നാളിന് ശേഷം പൃഥ്വിരാജ് ഹ്യൂമര്‍ ജോണറിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂര്‍ അമ്പലനടയില്‍. മെയ് 16ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. സിനിമയില്‍ തന്നെ ഏറ്റവും ചിരിപ്പിച്ചതും ഇഷ്ടം തോന്നിയതും ബേസിലും പൃഥ്വിരാജും തമ്മിലുള്ള രംഗങ്ങളാണെന്നാണ് സംവിധായകന്‍ വിപിന്‍ദാസ് പറയുന്നത്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമകൂടിയാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

‘ഏറ്റവും വര്‍ക്ക് ആയ സീനുകളൊക്കെ പൃഥ്വിരാജും ബേസിലും തമ്മിലുള്ളതാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഏറ്റവും അവസാനമാണ് ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രീകരിച്ചത്. അപ്പോഴേക്ക് ഇവര്‍ തമ്മില്‍ ജെല്‍ ആയി. രാജുവും ബേസിലുമൊക്ക തമ്മില്‍ മത്സരമായിരുന്നു. എനിക്ക് വലിയ ആഗ്രഹമുണ്ട് ഇവര്‍ തമ്മിലുള്ള സിനിമകള്‍ ചെയ്യാന്‍. ഞാന്‍ അല്ലെങ്കില്‍ മറ്റുള്ളവരെങ്കിലും അത് എക്‌സ്‌പ്ലോര്‍ ചെയ്യണം. കഥ കിട്ടിയാല്‍ ആളുകള്‍ എന്തായാലും അത് ചെയ്യും,’ വിപിന്‍ദാസ് പറഞ്ഞു.

ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് വിപിന്‍ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top