‘എന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് ഫഹദിന്റെ വീട്ടില്‍, ഒപ്പം അഭിനയിച്ചത് അസിൻ’; ഓർമകൾ പങ്കിട്ട് പൃഥ്വിരാജ്
അക്ഷയ് കുമാറിനും ടൈഗര്‍ ഷറോഫിനും ഒപ്പമുള്ള ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് പൃഥ്വിരാജ്. പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കിടെ പൃഥ്വിരാജ് ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെ കുറിച്ചും ആദ്യമായി തനിക്ക് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത് ഫാസില്‍ ആണെന്നതിനെക്കുറിച്ചും തുറന്നു പറയുകയുണ്ടായി.
ഫഹദുമായി ദീര്‍ഘനാളത്തെ സൗഹൃദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. തങ്ങള്‍ ‘നെപ്പോ കിഡ്‌സ്’ ആണെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് തുടങ്ങിയത്. ‘ഞാനൊരു നടന്റെ മകനാണ്, ദുല്‍ഖറും ഒരു നടന്റെ മകനാണ്. ഷാനു (ഫഹദ് ഫാസില്‍) മികച്ച സംവിധായകരില്‍ ഒരാളുടെ മകനാണ്. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഫഹദ്,’ പൃഥ്വിരാജ് പറഞ്ഞു. ഫഹദ് ഫാസിലിന്റെ പിതാവും മുതിര്‍ന്ന സംവിധായകനുമായ ഫാസിലിന്റെ വീട്ടില്‍ വച്ചായിരുന്നു താന്‍ ആദ്യമായി സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തതെന്നും പൃഥ്വിരാജ് ഓര്‍മിച്ചു.
“ഫഹദിന്റെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടിയാണ് ഞാന്‍ ആദ്യമായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. ഷാനുവിന്റെ അച്ഛന്‍ ഫാസില്‍ സാര്‍ ഏകദേശം 20 വര്‍ഷമായി ചെന്നൈയില്‍ ഞങ്ങളുടെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ആലപ്പുഴയിലൂടെ യാത്ര ചെയ്യുമ്പോള്‍ അമ്മ കാര്‍ നിര്‍ത്തി എന്നോട് പോയി ഫാസില്‍ സാറിന്റെ കയ്യിൽ നിന്നും ചെക്ക് വാങ്ങാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ സാര്‍ എന്നെ കാണുകയാണ്. ഞാന്‍ വളര്‍ന്നു വലുതായിരിക്കുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. ‘എനിക്ക് തന്നെ ഒരു സിനിമയ്ക്കായി സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണം’ എന്ന് അദ്ദേഹം പറഞ്ഞു. ക്യാമറ വച്ചതിനു ശേഷം ഗാനരംഗത്തിനു വേണ്ടി അഭിനയിക്കാന്‍ പറഞ്ഞു. എനിക്ക് അഭിനയിക്കാന്‍ ഒരു കോ-സ്റ്റാറിനെ ആവശ്യമുള്ളതിനാല്‍ അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയെ സ്‌ക്രീന്‍ ടെസ്റ്റിന് ക്ഷണിച്ചു.അത് അസിനായിരുന്നു. അന്നവള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അന്ന് ഫഹദിന്റെ ആലപ്പുഴയിലെ വീട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി ഒരു സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. പിന്നീട് ഞാന്‍ സംവിധായകനായപ്പോള്‍ എന്റെ സിനിമയില്‍ ഫാസില്‍ സാറിനെ കാസ്റ്റ് ചെയ്തു.”
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here