‘അനിമല്‍’ വിവാദത്തില്‍ പൃഥ്വിരാജ്; ‘ഒരു കലാകാരനോട് എന്ത് ചെയ്യരുത് എന്ന് നിങ്ങള്‍ പറയരുത്’; കലയെ സെന്‍സര്‍ ചെയ്യരുതെന്നും താരം

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് നാല് മാസമായിട്ടും കുറവില്ല. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് പൃഥ്വിരാജ്. ഒരു അഭിമുഖത്തില്‍ അനിമലിനെക്കുറിച്ചും ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളെപ്പറ്റിയുമാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്. കലയെ സെന്‍സര്‍ ചെയ്യരുതെന്നും ഒരു സംവിധായകന് അയാളുടെ മനസിലുള്ള ചിന്തകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എന്തു ചെയ്യണമെന്ന് മറ്റുള്ളവര്‍ പറയരുതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

“കലയെ സെന്‍സര്‍ ചെയ്യരുതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വ്യൂവര്‍ഷിപ്പ് നിങ്ങള്‍ക്ക് തീരുമാനിക്കാം. അതു നമ്മള്‍ ചെയ്യുന്നുമുണ്ട്. നിങ്ങള്‍ക്ക് ഒരു സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം. നിങ്ങളുടെ സിനിമ ഒരു പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ എന്ന് തീരുമാനിക്കുന്ന ഒരു റെഗുലേറ്ററി ബോഡിയുണ്ട്. നിങ്ങള്‍ക്ക് പ്ലസ് 21 റേറ്റിംഗ് കൊണ്ടുവരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് കൊണ്ടുവരാന്‍ മടിക്കേണ്ടതില്ല. നിങ്ങള്‍ പ്ലസ് 25 റേറ്റിംഗ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കുഴപ്പമില്ല. അത് ചെയ്യാതെ ഒരു കലാകാരനോട് പോയി അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്ന ആളല്ല.”

“സെന്‍സര്‍ഷിപ്പ് നടത്തേണ്ടത് പ്രദര്‍ശന മേഖലയിലാണ്. ഒരു സിനിമയ്ക്ക് 18 പ്ലസ് റേറ്റിംഗ് ലഭിച്ചാല്‍, 18 വയസ്സിന് താഴെയുള്ളവരെ തിയറ്ററില്‍ പ്രവേശിക്കുന്നത് തടയണം. അല്ലാതെ, കല സെന്‍സര്‍ ചെയ്യപ്പെടണം എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. കലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം,” പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top