മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’; 2012ല്‍ പ്രഖ്യാപിച്ച അമല്‍ നീരദ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പൃഥ്വി കൈവച്ചു. ആടുജീവിതത്തിന്റെ ഗംഭീര വിജയത്തിനു ശേഷം ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് താരം. പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കിടെ 2012ല്‍ പ്രഖ്യാപിച്ച അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് പൃഥ്വി മറുപടി പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയെ നായകനും പൃഥ്വിരാജിനെ വില്ലനുമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാനിരുന്ന പീരിയഡ് ചിത്രമായിരുന്നു അരിവാള്‍ ചുറ്റിക നക്ഷത്രം. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചു എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ബജറ്റ് പ്രശ്‌നങ്ങള്‍ കാരണം തുടങ്ങിയിടത്തു തന്നെ ഉപേക്ഷിക്കേണ്ടി വന്ന ചിത്രമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം. അരിവാള്‍ ചുറ്റിക നക്ഷത്രം പുനരാരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ പൃഥ്വിരാജ്, ആ സിനിമ ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കേരളത്തിലെ ഹില്‍ സ്റ്റേഷന്റെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടെ കഥ. എന്നാല്‍ പിന്നീടു വന്ന പല സിനിമകളും സമാനമായ പ്രമേയം കൈകാര്യം ചെയ്തതിനാല്‍ ഇനി ആ ചിത്രം ഉണ്ടാകില്ലെന്ന് പൃഥ്വി തീര്‍ത്തു പറഞ്ഞു.
അതേസമയം, മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന മറ്റൊരു ചിത്രം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. നവാഗത സംവിധായകനായിരിക്കും ഈ ചിത്രം ഒരുക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here