ബ്ലെസി ആടുജീവിതത്തിന്റെ കഥ പറഞ്ഞത് 2009ല്‍! 15 വര്‍ഷത്തെ യാത്ര ഓര്‍ത്ത് പൃഥ്വി; ‘ഒരു മനുഷ്യന്‍ എന്ന നിലയിലാകും ഈ സിനിമ എന്നെ സ്വാധീനിക്കുന്നത്’

പൃഥ്വിരാജും ബ്ലെസിയും തങ്ങളുടെ ജീവിത്തതിലെ ഏറ്റവും വലിയ സിനിമ ആടുജീവിത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മാര്‍ച്ച് 28ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പക്ഷെ പൃഥ്വിരാജിനോട് ബ്ലെസി ആടുജീവിതത്തെക്കുറിച്ച് പറഞ്ഞതാകട്ടെ 2009ലും! ആടുജീവിതത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു നടന്ന പ്രസ് മീറ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

2009ല്‍ ഇരുവരും ഒന്നിച്ചൊരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. പൃഥ്വിരാജിന് അന്ന് പ്രായം 27. വിവാഹിതനുമല്ല. ആ യാത്രയിലാണ് ബ്ലെസി പൃഥ്വിയോട് തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് മനസ് തുറന്നത്. പിന്നീട് പൃഥ്വിയുടെ ജീവിതം ഒരുപാട് മറി. പൃഥ്വി സുപ്രിയ മേനോനെ വിവാഹം കഴിച്ചു, ഇരുവര്‍ക്കും മകള്‍ അലംകൃത ജനിച്ചു. അപ്പോഴും ബ്ലെസി ആടുജീവിതത്തിന് പുറകെയായിരുന്നു. ഇക്കാലയളവിലാണ് പൃഥ്വിരാജ് മലയാള സിനിമ വ്യവസായത്തിലെ നിര്‍ണായകമായൊരു പേരായി മാറിയത്. 2019ല്‍ അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ ജനങ്ങളിലേക്ക് എത്തിച്ചു. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ നിന്ന് നിര്‍മാതാവ്, വിതരണക്കാരന്‍ എന്നീ പദവികളിലേക്കും കാലെടുത്തുവച്ചു. രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി സംവിധാനം ചെയ്തു.

2019ലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ആടുജീവിതം പോലൊരു സിനിമ റിലീസ് ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണിത്. മലയാളത്തില്‍ സര്‍വൈവല്‍ ചിത്രങ്ങള്‍ക്ക് കയ്യടി കിട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ്, ഇന്ത്യന്‍ സിനിമയിലെത്തന്നെ എക്കാലത്തും മികച്ച സര്‍വൈവല്‍ ഡ്രാമയാകാന്‍ പ്രാപ്തിയുള്ള ചിത്രവുമായി ബ്ലെസി എത്തുന്നത്.

ആടുജീവിതം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാകും എന്നു തന്നെയാണ് പൃഥ്വിരാജും പറയുന്നത്. ജീവിതത്തിലെ പല മാറ്റങ്ങള്‍ക്കും സാക്ഷിയായ സിനിമ എന്നാണ് അദ്ദേഹം ആടുജീവിതത്തെ വിശേഷിപ്പിച്ചത്.

‘ആടുജീവിതത്തിനിടയില്‍ എന്റെ ജീവിതം ഒരുപാട് മാറി. ഒരു നടനെന്ന നിലയില്‍ ഞാന്‍ ഒരുപാട് ഇവോള്‍വ്ഡ് ആയി. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റം സംഭവിച്ചു. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റം സംഭവിച്ചു. ഒരു സംവിധായകനായി, നിര്‍മാതാവായി, വിതരണക്കാരനായി. പക്ഷേ എനിക്ക് തോന്നുന്നത്, ആടുജീവിതം എന്ന സിനിമയുടെ അനുഭവം എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സംവിധായകനായോ നിര്‍മാതാവായോ നടനായോ അല്ല. ഒരു മനുഷ്യന്‍ എന്ന നിലയിലാകും ഈ സിനിമ എന്നെ സ്വാധീനിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

ആടുജീവിതത്തില്‍ പൃഥ്വിരാജിനൊപ്പം അമല പോളാണ് നായികയായി എത്തുന്നത്. എ.ആര്‍. റഹ്‌മാനാണ് സംഗീതവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വ്വഹിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ കൂടിയാകും ചിത്രം റിലീസ് ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top