വരുമെന്നു പറഞ്ഞിട്ടും ‘ആടുജീവിതം’ വന്നില്ല; ഒടിടി റിലീസിനെക്കുറിച്ച് അറിയില്ലെന്ന് ബ്ലെസി; മെയ് 26 കഴിഞ്ഞിട്ടും ഹോട്ട്‌സ്റ്റാറില്‍ എത്താതെ പൃഥ്വിരാജ് ചിത്രം
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശത്തിനെത്തിയത്. രണ്ടുമാസത്തെ തിയറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി ചിത്രം മെയ് 26ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. താനും വാര്‍ത്തകള്‍ കണ്ടിരുന്നെന്നും ഔദ്യോഗികമായുള്ള തിയതിയെക്കുറിച്ചൊന്നും അറിയില്ലെന്നും സംവിധായകന്‍ ബ്ലെസി മാധ്യമസിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.
അതേസമയം, ഹോട്ട്‌സ്റ്റാറിന്റെ ഭാഗത്തു നിന്നു ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. തിയറ്റര്‍ റിലീസിന് മുമ്പുതന്നെ, ആടുജീവിതത്തിന്റെ സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ, മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ മഞ്ഞുമ്മല്‍ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്തു തുടങ്ങി. അതിനു മുമ്പായി പ്രേമലുവായിരുന്നു ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത മറ്റൊരു മലയാള സിനിമ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ആടുജീവിതത്തിന്റെ ഒടിടി സ്ട്രീമിങ് എന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒടിടി പതിപ്പിന് തിയറ്റര്‍ പതിപ്പിനെക്കാള്‍ ദൈര്‍ഘ്യമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. സിനിമയുടെ യഥാര്‍ത്ഥ റണ്‍ടൈം 3 മണിക്കൂര്‍ 30 മിനിറ്റാണെന്നും തിയറ്റര്‍ പതിപ്പിനായി ടീം ഇതില്‍ നിന്ന് 30 മിനിറ്റോളം എഡിറ്റ് ചെയ്ത് കളയേണ്ടി വന്നിരുന്നെന്നും ബ്ലെസി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുസ്തകത്തിലുള്ളതും സ്‌ക്രീനില്‍ എത്താത്തതുമായ രംഗങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here