ഇസ്രയേൽ ജോലി ഓഫറിന് പിന്നിലെന്ത്… ലക്ഷങ്ങള്‍ തട്ടാന്‍ വലവിരിച്ച് വ്യാജ ഏജന്‍സികള്‍; മാധ്യമ സിൻഡിക്കറ്റ് അന്വേഷണം

തിരുവനന്തപുരം: യുദ്ധം കൊടുമ്പിരികൊള്ളുന്ന ഇസ്രയേലിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സ്വകാര്യ ഏജൻസികൾ വീണ്ടും സജീവം. പ്രമുഖ ദിനപത്രങ്ങളിൽ പരസ്യം നൽകിയാണ് ഇത്തരം ഏജൻസികൾ തട്ടിപ്പിനായി ഇരകളെ കണ്ടെത്തുന്നത്. നവംബർ 29 ന് മലയാള മനോരമ ദിനപത്രത്തിൽ വന്ന ഇസ്രയേലിലേക്ക് കെയർ ഗീവർമാരെ ആവശ്യമുണ്ടെന്ന പരസ്യവുമായി ബന്ധപ്പെട്ട് നടക്കുന്നത് വൻ തട്ടിപ്പാണെന്ന് മാധ്യമ സിൻഡിക്കറ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

സിയോണ്‍ ഇന്റര്‍നാഷണല്‍ എന്ന ഏജൻസിയാണ് ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയത്. പുരുഷന്‍മാര്‍ക്ക് 18 ലക്ഷം രൂപയും സ്ത്രീകള്‍ക്ക് 16 ലക്ഷം രൂപയുമാണ് വിസക്കായി നൽകേണ്ടത്. ലൈസൻസ് നമ്പരിനൊപ്പം മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ അഡ്രസും ഏജൻസി നൽകിയിട്ടുണ്ട്. പരസ്യത്തിനൊപ്പം നൽകിയ നമ്പറുകളിൽ മാധ്യമ സിൻഡിക്കറ്റ് ബന്ധപ്പെട്ടപ്പോള്‍ വന്ന സംശയമാണ് വൻ തട്ടിപ്പിൻ്റെ ചുരുളഴിച്ചത്.

ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും 30000 രൂപ അടച്ച് മുംബൈയിൽ ഇരുപത് ദിവസത്തെ ട്രെയിനിംഗിൽ പങ്കെടുക്കുന്നവരെയുമാണ്‌ ഇസ്രയേലിലേക്ക് അയക്കുന്നതെന്നാണ് എജൻസി പറയുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്ന പണം വിസ സ്റ്റാംമ്പിംഗിനടക്കമുള്ള നടപടിക്രമങ്ങൾക്കാണ് നൽകുന്നത്. സാധാരണ ഈ തുക ചിലവാകും എന്നാണ് ഏജൻസി പറയുന്നത്. നോർക്കയുടെ അംഗീകാരം ഇതിന് ആവശ്യമില്ലെന്നും മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് നേരിട്ടാണ് റിക്രൂട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതെന്നുമായിരുന്നു ഏജൻസി പ്രതിനിധി മാധ്യമ സിൻഡിക്കറ്റിനോട് അവകാശപ്പെട്ടത്. ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് നോർക്കയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിൻ്റെ യഥാർത്ഥ ചിത്രം തെളിയുന്നത്.

പത്രപരസ്യത്തിൻ്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നോർക്കയുടെ അംഗീകാരമില്ലാതെയും ഇസ്രയേലിലേക്ക് ജോലിക്ക് ആളെ അയക്കാൻ കഴിയുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസുള്ള ഏജൻസികൾക്ക് അതിന് അനുമതിയുണ്ടെന്നുമായിരുന്നു നേർക്കയുടെ പ്രതികരണം. നോർക്ക വഴി രജിസ്റ്റർ ചെയ്താൽ ഏത് ജോലിക്കും സാധാരണ 35,000 മുതൽ 55,000 വരെയാണ് ചിലവാകുന്നത്. പതിനാറ് ലക്ഷം എന്തുകൊണ്ടാണെന്നറിയില്ല. പണം കൊടുക്കുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസുമായി ബന്ധപ്പെടാൻ നോർക്ക നിർദേശിച്ചു. ഏജൻസിയുടെ ലൈസൻസ് അടക്കം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍സ് ഓഫീസ് പരിശോധിച്ചതിന് ശേഷം മാത്രം പണം നൽകിയാൽ മതിയെന്നും അറിയിച്ചു.

പത്രപരസ്യത്തിൽ നൽകിയിരിക്കുന്ന ലൈസൻസ് നമ്പരിൽ (Lic no: B1335 I DEL I PER I 1000 + I 5 l 9557 I 2019 ) സിയോൺ എന്ന സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നൽകിയിട്ടില്ലെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍സ് ഓഫീസ് മാധ്യമ സിൻഡിക്കറ്റിനോട്‌ പറഞ്ഞു. ഈ സ്ഥാപനം വ്യാജനാണെന്നും ഒരു കാരണവശാലും പണം നൽകരുതെന്നായിരുന്നു ഓഫീസ് നൽകിയ നിർദേശം. വെറും 30,000 രൂപ മാത്രമാണ് ഏജൻസി പറഞ്ഞ എല്ലാ കാര്യങ്ങൾക്കുമായി ചിലവാകുന്നത്. അതിനാൽ പണം നൽകി ആരും വഞ്ചിതരാവരുതെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍സ് ഓഫീസ് അറിയിച്ചു.

അതേസമയം, ഇന്ത്യയിൽനിന്നുള്ള ഒരുലക്ഷത്തോളംപേർക്ക് കാർഷിക മേഖലയിൽ തൊഴിൽ വിസ നൽകുമെന്ന ഇസ്രയേൽ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ജോലി വാഗ്ദാനവുമായി വിസ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം നൽകുന്ന വിസാ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവും പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് നൽകി. അഞ്ചുലക്ഷംരൂപ മുതൽ മുടക്കിയാൽ ഇസ്രയേലിൽ തൊഴിലവസരമുണ്ടെന്നും ചെറിയ മുതൽമുടക്കിൽ എത്തിച്ചേരാൻ കഴിയുമെന്നുമാണ് ഏജന്‍സികളുടെ വാഗ്ദാനം. ചിലർക്കൊക്കെ ലൈസൻസ് ഉണ്ടെങ്കിലും വിസ ലഭിച്ചതിന് ശേഷം മാത്രമേ ഏജന്‍സിക്ക് പണം നൽകാവൂ എന്നുമാണ് നിർദേശം. വിദേശങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഏജൻസികളെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ പൊട്ടക്ടർ ഓഫ് എമിഗ്രന്‍സ് ഓഫീസ്, പനമ്പള്ളി നഗർ, കൊച്ചി- 682015 എന്ന വിലാസത്തിലോ 0484-2315400 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top