വിദ്യാഭ്യാസ നയത്തിലെ കമ്യൂണിസ്റ്റ് കടുംപിടുത്തങ്ങളും തരാതരം പോലെയുള്ള നിറം മാറ്റങ്ങളും; ഒരു സിപിഎം അപാരത
![](https://www.madhyamasyndicate.com/wp-content/uploads/2025/02/cpm-3.jpg)
“ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായി. കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വ്വകലാ ശാലയുമായി മുന്നോട്ടുപോയ പറ്റൂ. മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സര്‍വ്വകലാശാല” -മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി ആര്‍ ബിന്ദു ഇങ്ങനെയാണ് തുടങ്ങിയത്. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല. സിപിഐയുടേത് എതിര്‍പ്പല്ല, അഭിപ്രായം അറിയിക്കലായിരുന്നു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണ്. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനിയും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയിത്തം കല്‍പിക്കേണ്ടതില്ല. എസ്എഫ്‌ഐക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ട്. നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമാണ് പുതിയ താത്വിക വെളിപാട് പോലെ മന്ത്രി അവതരിപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പ് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും സമരങ്ങള്‍ നടത്തുകയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി ശ്രീനിവാസന്റെ കരണം അടിച്ചു പൊട്ടിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നേതൃത്വം പഴയതെല്ലാം വിഴുങ്ങി. വിദ്യാഭ്യാരംഗത്ത് കലാകാലങ്ങളിലെ മാറ്റങ്ങളെ വേണ്ടത്ര ആലോചനയില്ലാതെ എതിര്‍ക്കുകയും അതിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് സിപിഎമ്മിന്റെ നയപരിപാടിയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനെയൊക്കെ സിപിഎം എതിര്‍ത്തിട്ടുണ്ടോ, അധികാരം കിട്ടുമ്പോള്‍ പഴയതെല്ലാം വിഴുങ്ങി അതിനെയെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
എണ്‍പതുകളില്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടേയും പിന്നീട് രാജീവ്ഗാന്ധിയുടേയും ഭരണകാലത്ത് ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കോളജില്‍ നിന്ന് രണ്ട് വര്‍ഷ പ്രീഡിഗ്രി കോഴ്‌സുകള്‍ അടര്‍ത്തി സ്‌കൂളുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാന്‍ അന്നത്തെ കെ കരുണാകരന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ സിപിഎമ്മും എസ്എഫ്‌ഐയും നാടാകെ സമരവും അക്രമവും അഴിച്ചു വിട്ടു. സര്‍വകലാശാലകളില്‍ പരീക്ഷ എഴുതിയിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ പരീക്ഷാ പേപ്പറും മാര്‍ക്ക് ലിസ്റ്റുകളും കൂട്ടിയിട്ട് ഇടതു സര്‍വീസ് സംഘടനയില്‍ പ്പെട്ടവര്‍ കത്തിച്ചു. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പരീക്ഷാഫലം പോലും പുറത്തുവരാത്ത അവസ്ഥ സംജാതമായി.
1996ല്‍ അധികാരത്തില്‍ വന്ന ഇകെ നായനാര്‍ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പ്ലസ് ടു വിദ്യാഭ്യാസം നടപ്പാക്കി. മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി. എസ്എഫ്‌ഐക്കാര്‍ എതിര്‍പ്പൊന്നും പറയാതെ വാലും ചുരുട്ടി മിണ്ടാതെ ഇരുന്നു. 10 വര്‍ഷത്തിനു ശേഷം പാര്‍ട്ടി എതിര്‍ത്ത നയം നടപ്പാക്കുന്നതില്‍ ഒരു ജാള്യതയും ഉണ്ടായില്ല.
1982- 87 ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു. തുടക്കമെന്ന നിലയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ഒഫ്താല്‍മോളജിയുമായി ബന്ധപ്പെട്ട ഒരു കോഴ്‌സു തുടങ്ങാന്‍ അനുമതി നല്‍കി. ഇതിനെതിരെ എസ്എഫ്‌ഐ സമരം പ്രഖ്യാപിച്ചു. കെഎസ്‌യുവും സമരത്തില്‍ പങ്കാളികളായി. സമരത്തെ തുടര്‍ന്ന് കോഴ്‌സ് നിര്‍ത്തിവെച്ചു.
1991-96ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് സഹകരണ മേഖലയില്‍ പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനെതിരെ ഇടത് യുവജന സംഘടനകള്‍ സമരം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്ളപ്പോള്‍ കണ്ണൂരിൽ എന്തിനാണ് മെഡിക്കല്‍ കോളജ് എന്നാണ് പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇഎംഎസ് നമ്പൂതിരിപ്പാട് അക്കാലത്ത് ചോദിച്ചത്. എതിര്‍പ്പുകളെ അവഗണിച്ച് 1996 ജനുവരി രണ്ടിന് പരിയാരം മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തു. കരുണാകരന്റേയും എംവി രാഘവന്റേയും സ്വകാര്യ സ്വത്താണ് കോളജ് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി എ ആര്‍ ആന്തുലെയെ തടയുമെന്ന് ഡിവൈഎഫ്‌ഐ ഭീഷണി മുഴക്കി. കേന്ദ്രമന്ത്രിയെ ഹെലികോപ്റ്ററിൽ മെഡിക്കല്‍ കോളജിലെത്തിച്ചാണ് ഉദ്ഘാടനം നടത്തിയത്.
പാര്‍ട്ടിയുടെ ശത്രുവായ എംവി രാഘവനോടുള്ള എതിര്‍പ്പാണ് പിന്നീട് കൂത്തുപറമ്പ് വെടിവെപ്പില്‍ കലാശിച്ചത്. അഞ്ചു യുവാക്കള്‍ കൊല്ലപ്പെട്ടു. അതിന് ശേഷം കണ്ണൂരില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രവും രാഘവന്റെ വീടും തീയിട്ടു നശിപ്പിച്ചു. ഈ അതിക്രമങ്ങള്‍ക്കു ശേഷം അധികാരത്തില്‍ വന്ന സിപിഎം പരിയാരം സഹകരണ സംഘത്തിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജിന്റെ ഭരണം കൈക്കലാക്കി. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ പറഞ്ഞതൊക്കെ തോട്ടിലെറിഞ്ഞു.
2001ലെ എകെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസം സ്വാശ്രയ മേഖലയ്ക്കായി തുറന്നു കൊടുത്തു. എഞ്ചിനീയറിംഗ് – മെഡിക്കല്‍ കോളജുകള്‍ വ്യാപകമായി സ്വകാര്യ മേഖലയില്‍ തുറന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐയേയും എസ്എഫ്‌ഐയേയും ഇറക്കി നാടാകെ സമര പരമ്പരകള്‍ അഴിച്ചു വിട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ ഈ സമരങ്ങൾ നടത്തുന്ന കാലത്താണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തന്റെ മകള്‍ വീണക്ക് കോയമ്പത്തൂരിലെ അമൃതാ എഞ്ചിനീയറിംഗ് കോളജില്‍ അഡ്മിഷന്‍ നേടിയത്. പ്രവേശനപ്പരീക്ഷ പോലും എഴുതാതെയാണ് വീണയ്ക്ക് അഡ്മിഷന്‍ കിട്ടിയതെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ആത്മകഥയിൽ എഴുതിയിരുന്നു.
2006ല്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഉദാരമായി സ്വകാര്യ സ്ഥാപനങ്ങള്‍ അനുവദിച്ചു. മരിച്ചു പോയ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ വരെ സഹകരണ മേഖലയില്‍ എഞ്ചിനീയറിംഗ് കോളജ് തുടങ്ങാന്‍ ആദര്‍ശങ്ങളോ നയങ്ങളോ ഡിവൈഎഫ്‌ഐക്ക് വിഘാതമായില്ല. ഇതേ നയം മാറ്റമാണ് സ്വകാര്യ സര്‍വകലാശാലയുടെ കാര്യത്തിലും സംഭവിക്കുന്നത്.
ചുരുക്കത്തില്‍ സമരം നടത്തി വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുകയും പിന്നീട് അധികാരത്തിലെത്തി യാതൊരു മടിയും ഇല്ലാതെ അതേ നയങ്ങള്‍ നടപ്പിലാക്കുക എന്ന ശൈലിയാണ് സിപിഎമ്മിന്റേത്. ട്രാക്ടര്‍ വിരുദ്ധ സമരത്തില്‍ നിന്നും തുടങ്ങിയതാണിത്. ട്രാക്ടര്‍ രംഗത്ത് എത്തിയാല്‍ കര്‍ഷക തൊഴിലാളികളുടെ പണി കുറയുമെന്നായിരുന്നു വാദം. ഇതേ നയമായിരുന്നു കമ്പ്യൂട്ടർ വന്നപ്പോഴും സ്വീകരിച്ചത്. 1956ല്‍ മലമ്പുഴ അണക്കെട്ട് ഉദ്ഘാടനത്തിനെതിരെ സിപിഎം നടത്തിയ സമരവും കേരള ജനതയ്ക്ക് മറക്കാനാവില്ല. മൊബൈല്‍ ഫോണ്‍, എടിഎം, തുടങ്ങി സകല മാറ്റങ്ങള്‍ക്കെതിരെയും സമരം നടത്തുകയും പിന്നെ ഭരണം കിട്ടുമ്പോള്‍ അതെല്ലാം വാരിപ്പുണരുകയും ചെയ്യുന്നതാണ് സിപിഎം രീതി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here