പ്രിയവർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. തന്റെ നിയമനനടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ചിന്റേതാണ് നിരീക്ഷണം. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമനം മരവിപ്പിക്കണമെന്ന് യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനോടകം അസ്സോസിയേറ്റ് പ്രൊഫസ്സറായി ജോലിയില്‍ പ്രവേശിച്ചിതായി പ്രിയയുടെ അഭിഭാഷകരായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബഞ്ച് വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here