പ്രിയദര്‍ശന്‍ സിനിമ ചെയ്യില്ല!! പ്രതികരണം ‘പ്രേമലു’ കണ്ടശേഷം; പുതു സംവിധായകരെ പ്രശംസിച്ച് ഹിറ്റ്‌മേക്കർ

കൊച്ചി: ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ഗിരീഷ് എ.ഡി. ചിത്രമാണ് പ്രേമലു. വമ്പിച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുപിന്നാലെയാണ് സിനിമ കണ്ടതിനുശേഷം സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രതികരണം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാല്‍ ഇതാണെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലിന്‍ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ചെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
“സൂപ്പർ ഫിലിം. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ നേരില്‍ കണ്ട് അഭിനന്ദിക്കണം. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറുള്ള പടമാണ്. സിനിമ തീർന്നത് അറിഞ്ഞില്ല.” പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു.
“നമ്മുടെ ഒക്കെ കാലം കഴിഞ്ഞു. പുതിയ ആളുകള്‍ ഇതുപോലുള്ള സിനിമകള്‍ ചെയ്യട്ടെ. സിനിമകള്‍ ഇരുന്ന് കാണും, അല്ലാതെ സിനിമകള്‍ എടുക്കലല്ല ഇനി ജോലി.” പ്രേമലു പോലൊരു പ്രിയദര്‍ശന്‍ ചിത്രം വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ.
അതേസമയം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്‍റെയും പേരുകള്‍ ഒഴിവാക്കിയ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രിയദര്‍ശന്‍ തയ്യാറായില്ല. പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതിയാണ് പുതിയ മാറ്റങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here