പ്രിയദര്‍ശനും സോഹന്‍ റോയിയും കെസിഎല്‍ ട്വന്റി 20 ടീമുകളെ സ്വന്തമാക്കി; താരലേലം അടുത്ത മാസം

ഐപിഎൽ മാതൃകയിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ട്വന്റി 20 ടൂർണമെന്റിന്റെ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. സംവിധായകൻ പ്രിയദർശൻ, വ്യവസായി സോഹൻ റോയ് തുടങ്ങിയവർ ഫ്രാഞ്ചൈസി സ്വന്തമാക്കി. സെപ്റ്റംബറിൽ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലീഗിൽ ആറു ടീമുകളാണ് പങ്കെടുക്കുക.ഒരു കോടി മുതൽ രണ്ടരക്കോടി രൂപവരെയായിരുന്നു ടീമുകൾക്കായി മുടക്കാവുന്നത്. താരലേലം അടുത്തമാസം നടക്കും.
പ്രിയദർശൻ – ജോസ് പട്ടാറ കൺസോർഷ്യം, സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ് കൺസോർഷ്യം), ടി.എസ്.കലാധരൻ (കൺസോൾ ഷിപ്പിങ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോർജ് മാനുവൽ (എനിഗ്മാറ്റിക് സ്‌മൈൽ റിവാർഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നിവരാണ് ടീമുകളെ സ്വന്തമാക്കിയത്.
ടെൻഡർ നടപടിയിലൂടെയാണ് ഫ്രാഞ്ചൈസികളെ തിരഞ്ഞെടുത്തത്. 13 പേർ അപേക്ഷിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച ഏഴുപേരാണ് അവസാനഘട്ടത്തിൽ എത്തിയത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങൾക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക. ഒരു ടീമിൽ 16 കളിക്കാർവരെ ഉണ്ടാകും. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കളിക്കും. മത്സരം സ്റ്റാർ സ്പോർട്‌സ് സംപ്രേഷണം ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here