തന്റെ അമ്മ താലിമാല രാജ്യത്തിന്‌ വേണ്ടി ത്യജിച്ചു; കേള്‍ക്കുന്നത് വികസനത്തിന് പകരം വിദ്വേഷ പരാമര്‍ശം; മോദിയുടെ ‘താലിമാല’ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്ക

ഡല്‍ഹി: രാജ്യത്ത് അമ്പത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി. തന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയത്. – മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ബെംഗളൂരുവില്‍ പ്രിയങ്ക പറഞ്ഞു. മോദിയുടെ ‘താലിമാല’ പരാമര്‍ശത്തിനെതിരേയായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

“കഴിഞ്ഞ ദിവസങ്ങളില്‍ മോദിയില്‍നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ അല്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണം.” – പ്രിയങ്ക പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ പോളിങ് കുറഞ്ഞത് ബിജെപിയെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വര്‍ഗീയ പ്രചാരണത്തിലേക്ക് ബിജെപി നീങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ പ്രസ്താവന. മുൻപ് “കോണ്‍ഗ്രസ് അധികാരത്തില്‍വന്നപ്പോള്‍ രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്‌ലിങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നു. അതിനര്‍ഥം അവര്‍ ഈ സ്വത്തുക്കള്‍ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ്.” മോദി പറഞ്ഞു. മോദിയുടെ ഈ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയാണെന്നുള്ള വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top