ഇന്ത്യയില്‍ നിലനില്‍ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് പ്രിയങ്ക; വയനാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നീലഗിരി കോളജിലാണ് പ്രിയങ്ക ഹെലികോപ്റ്റര്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗമാണ് മീനങ്ങാടി എത്തിയത്. രണ്ട് ദിവസം നീളുന്ന പ്രചാരണത്തിനാണ് പ്രിയങ്ക എത്തിയത്.
കാറിന്റെ ഡോറില്‍ കയറിനിന്നാണ് റോഡ് ഷോയില്‍ അവര്‍ ജനങ്ങളെ അഭിവാദ്യം ചെയ്തത്. വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയെ സ്വീകരിക്കാന്‍ എത്തിയത്. മീനങ്ങാടി പ്രസംഗത്തില്‍ പ്രിയങ്കയുടെ ഓരോ വാക്കും കയ്യടി നേടി.
വയനാടിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. “കൊന്ത നല്‍കിയാണ് ഒരമ്മ എന്നെ സ്വീകരിച്ചത്. അവരുടെ ആലിംഗനവും പെരുമാറ്റവും എന്റെ മനം കുളിര്‍പ്പിച്ചു. വയനാടിനെ ചൊല്ലി അഭിമാനം കൊള്ളുന്നു. എന്നെ തിരഞ്ഞെടുത്താല്‍ അത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരമായിരിക്കും.” – പ്രിയങ്ക പറഞ്ഞു.
“രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. രാജ്യത്ത് വെറുപ്പും ഭയവും പടരുന്ന അന്തരീക്ഷമാണ്. ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. രാജ്യത്തെ നയങ്ങള്‍ പ്രധാനമന്ത്രിയുടെ സുഹുത്തുക്കള്‍ക്ക് സഹായമായാണ് രാജ്യത്ത് നയങ്ങള്‍ രൂപപ്പെടുന്നത്.”
“ആദിവാസികളുടെ ഭൂമി കവര്‍ന്നെടുത്ത് വ്യവസായികള്‍ക്ക് നല്‍കുന്നു. വയനാടിനെ ശക്തിപ്പെടുത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. വയനാടിനു മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ എന്റെ സഹോദരന്‍ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്. ആ ജോലി മുഴുമിപ്പിക്കാന്‍ ഞാന്‍ കാര്യമായ ശ്രമം നടത്തും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി മാറും.” പ്രിയങ്ക പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here