‘ഭരണഘടന’യില്‍ ആഞ്ഞടിക്കാന്‍ പ്രിയങ്ക; പ്രതിരോധിക്കാന്‍ ബിജെപി; പാര്‍ലമെന്റ് സമ്മേളന ദിനങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും
ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രതിഷേധ പരമ്പരയാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസും ഇന്ത്യാസഖ്യവും നടത്തുന്നത്. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികമായതിനാല്‍ ഭരണഘടന തന്നെയാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. വെള്ളി, ശനി ദിവസങ്ങളില്‍ ലോക്സഭയിലും ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തുകയാണ്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിലും ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലും ചർച്ചയ്ക്ക് തുടക്കമിടും. ശനിയാഴ്ച വൈകിട്ട് ലോക്‌സഭയിലെ ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി മറുപടി നൽകും.
വയനാട് നിന്നും ലോക്സഭയില്‍ എത്തിയ പ്രിയങ്ക ഗാന്ധി തന്നെയാകും ഭരണഘടന സംവാദത്തില്‍ കുന്തമുനയാകുക. പ്രതിപക്ഷത്ത് നിന്ന് പ്രിയങ്ക ആകും ചർച്ച ആരംഭിക്കുക എന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ തന്നെ ഭരണഘടന ആയുധമാക്കിയാകും ബിജെപിക്ക് എതിരെ പ്രിയങ്ക ആഞ്ഞടിക്കുക.
മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ചവിട്ടിമെതിക്കുന്നു എന്നും ഭരണഘടനയുടെ ആത്മാവിനെ അട്ടിമറിക്കുന്നുവെന്നുമാണ് കോൺഗ്രസ് എപ്പോഴും കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണമാണ് എന്‍ഡിഎയുടെ കുതിപ്പ് തടയാന്‍ കഴിഞ്ഞതെന്നുള്ള ഉറച്ച വിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ അത് വലിയ അപകടമാകും എന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഫലം ചെയ്തുവെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ട് തന്നെ ഭരണഘടനയാണ് പാര്‍ലമെന്റിലും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here