പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും; രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തും; അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് ഖാർഗെ

രാഹുല്‍ ഗാന്ധി വയനാട് നിലനിർത്തുമോ എന്ന നിർണായക ചോദ്യത്തിനാണ് ഏവരും മറുപടി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് എഐസിസി നേതൃത്വം. രാഹുൽ ഒഴിയുമ്പോൾ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ഗാന്ധികുടുബം വയനാട്ടിനെ ചതിച്ചുവെന്ന ആക്ഷേപം അസ്ഥാനത്താക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. പ്രിയങ്കാ ഗാന്ധിയുടെ കന്നി മത്സരത്തിന് കേരളത്തെ തിരഞ്ഞെടുത്തു എന്നത് എക്കാലവും കേരളത്തിലെ കോൺഗ്രസിന് പറയാനുമാകും.

വൈകിട്ട് ആറോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയുടെ വസതിയിലായിരുന്നു യോഗം. സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരാണ് പങ്കെടുത്തത്. ഏഴരയോടെ ഖാര്‍ഗെയാണ് രണ്ടും തീരുമാനങ്ങളും ഒന്നിച്ച് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിബന്ധന പ്രകാരം ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടതുണ്ട്. ഈ കാലാവധി നാളെ പൂർത്തിയാകാനിരിക്കെയാണ് ഇന്ന് തീരുമാനം ഉണ്ടായിരിക്കുന്നത്.

പ്രതിസന്ധികാലത്ത് തുണച്ച വയനാട്ടിനെ ഒഴിവാക്കി എന്ന ആക്ഷേപം കേൾപ്പിക്കരുത് എന്ന നിർബന്ധം രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നു. എന്നാൽ ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന തീരുമാനത്തിലാണ് റായ്ബറേലി നിലനിർത്താൻ പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായം ഉണ്ടായത്. വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ വയനാട് എത്തിയപ്പോള്‍ താന്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം നൽകുന്ന തീരുമാനമെടുക്കും എന്നായിരുന്നു അന്നത്തെ പ്രതികരണം. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് രാഹുല്‍ ഗാന്ധിയുടെ വിജയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top