ഇ.ഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും; ആയുധ വ്യാപാരി സഞ്ജയ്‌ ഭണ്ഡാരിയുടെ പണം കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി: ആയുധ വ്യാപാരി സഞ്ജയ്‌ ഭണ്ഡാരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സഞ്ജയ്‌ ഭണ്ഡാരിയുടെ പണം പ്രിയങ്ക കൈപ്പറ്റിയെന്ന് ഇ.ഡി പറഞ്ഞു. കേസില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട്‌ വാദ്രയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവരും പ്രതികള്‍ അല്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഡല്‍ഹി ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ് എച്ച്.എല്‍ പഹ്വയില്‍ നിന്ന് ഹരിയാനയിലെ ഫരീദാബാദില്‍ പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട്‌ വാദ്രയും 2006ല്‍ കൃഷി ഭുമി വാങ്ങിയിരുന്നു. 2010ല്‍ ഈ ഭുമി പഹ്വയ്ക്ക് തന്നെ വിറ്റു. പ്രവാസി വ്യവസായിയായ സി.സി.തമ്പിയും ഇതേ എജന്റില്‍ നിന്ന് തന്നെ ഭൂമി വാങ്ങിയിരുന്നു. റോബര്‍ട്ട്‌ വാദ്രയും തമ്പിയുമായി ദീര്‍ഘനാളത്തെ ബന്ധം ഉണ്ടെന്നും സഞ്ജയ്‌ ഭണ്ഡാരി ആയുധ ഇടപാടിലൂടെ നേടിയ പണം തമ്പി വഴി റോബര്‍ട്ടും പ്രിയങ്കയും കൈപ്പറ്റിയെന്നുമാണ് കുറ്റപത്രം. സഞ്ജയുടെ ലണ്ടനിലെ ഫ്ലാറ്റ് ഉപയോഗിക്കുന്നത് റോബര്‍ട്ട്‌ വാദ്രയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ വിനിമയ നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സഞ്ജയ്‌ ഭണ്ഡാരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top