പ്രിയങ്കാ ഗാന്ധിയെ കണ്ടവരുണ്ടോ? നവംബർ 30ന് ശേഷം വയനാട് എംപി തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം
വന്യമൃഗശല്യം കൊണ്ട് വയനാട്ടിലെ ജനങ്ങൾ ജീവനായി നെട്ടോട്ടമോടുമ്പോഴും ലോക്സഭാംഗമായ പ്രിയങ്കാ ഗാന്ധിയുടെ പൊടിപോലുമില്ലാ കണ്ടുപിടിക്കാൻ. രാധ എന്ന 45കാരിയെ കടുവ കൊന്നിട്ട് 72 മണിക്കൂർ കഴിഞ്ഞിട്ടും ഒരു അനുശോചനസന്ദേശം ഇറക്കിയതല്ലാതെ എംപി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിരാളികൾ ഉന്നയിച്ച പ്രധാന ആക്ഷേപവും ഇത് തന്നെയായിരുന്നു. മാവേലി വരുന്നതു പോലെ വർഷത്തിലൊരിക്കൽ വന്ന് കൈവീശി പോവുന്ന ഏർപ്പാട് പാടില്ല എന്നായിരുന്നു ആ എതിർപ്പിൻ്റെ സന്ദേശം.
തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലസന്ദർശനം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം, ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിലൊന്നും സ്ഥലം എംപിയായ പ്രിയങ്കയുടെ ഇടപെടലൊന്നും ഉണ്ടായതായി കാണുന്നില്ല. വയനാട്ടിൽ വീടെടുത്ത് താമസിച്ച്, ജനങ്ങളുമായി മലയാളത്തിൽ സംസാരിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ ഉറപ്പ്. താനും സഹോദരിയും അടക്കം വയനാടിന് ഇനി രണ്ട് എംപിമാർ ഉണ്ടെന്ന് കരുതാം, എന്നായിരുന്നു രാഹുൽ ഗാന്ധി വക ഡയലോഗ്.
രണ്ട് പേരെയും ഈ പ്രദേശങ്ങളിലെങ്ങും കാണാനില്ല എന്നാണ് ഇപ്പോൾ കോൺഗ്രസുകാർ പോലും അടക്കം പറയുന്നത്. അതിലുമധികം കടുവ നാട്ടിൽ എത്തുന്നുണ്ടെന്ന് ഈ ദിവസങ്ങളിൽ നാട്ടുകാരും പറയുന്നു. ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിൻ്റെ തിരക്കിലായതുകൊണ്ടാണ് പ്രീയങ്കയുടെ വയനാട് സന്ദർശനം നീളുന്നതെന്നാണ് പ്രാദേശിക കോൺഗ്രസുകാരുടെ ന്യായീകരണം. ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കഴിവർഷം നവംബർ 30നും ഡിസംബർ ഒന്നിനുമാണ് വയനാട്ടിൽ സന്ദർശനം നടത്തിയത്. രണ്ട് ദിവസങ്ങളിലായി വോട്ടർമാരെ നന്ദി അറിയിക്കുന്ന യാത്രകളിലാണ് പങ്കെടുത്തത്.
വയനാട്ടിൽ നിന്നുള്ള എംപിയായി ജയിച്ച രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലാണ് പ്രിയങ്ക ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കക്ക് മിന്നും വിജയമാണ് വയനാട്ടുകാർ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയം. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയം. 2024 ജൂണിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here