പ്രിയങ്കയുടെ കസവുസാരി ഇന്ദിരയെ ഓർമ്മിപ്പിക്കുന്നു എന്ന് സോഷ്യൽ മീഡിയ; അച്ഛനെയും മുത്തശിയെയും ഓർത്തുവെന്ന് പ്രതികരണം

കസവുസാരിയിൽ ഇന്ദിരാഗാന്ധിയെ ഓർമ്മപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു ഇന്ന് സത്യപ്രതിജ്ഞ. പ്രിയങ്കയുടെ വേഷം പാർലമെൻ്റിൽ പരമ്പരാഗത സാരികളിൽ പ്രത്യക്ഷപ്പെടാറുള്ള മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിച്ചു. മുമ്പും പലപ്പോഴും പ്രിയങ്കയും ഇന്ദിരയും തമ്മിലുള്ള സാമ്യം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശക്തയായ വ്യക്തിയെന്ന് പേരുകേട്ട ഇന്ദിരാഗാന്ധി സാധാരണക്കാരോട് സംവദിക്കാനാണ് ലളിതവസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത്. പ്രിയങ്കയും സത്യപ്രതിജ്ഞാ ദിവസം കേരളസാരി തിരഞ്ഞെടുത്തതിന് പിന്നിൽ അതേ കാരണമാണ് ഉളളതെന്ന് വേണം കരുതാൻ.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുത്തശ്ശിയെ ഓർമ്മയുണ്ടോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ, ‘അതെ, എൻ്റെ മുത്തശ്ശിയേയും അച്ഛനെയും ഓർത്തു’ – എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, മക്കളായ റൈഹാൻ വദ്ര, മിരായ വാദ്ര എന്നിവരുൾപ്പെടെ കുടുംബസമേതമാണ് വയനാട് എംപി എത്തിയത്.
വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റായ്ബറേലി അദ്ദേഹം നിലനിർത്തിയതോടെ ആണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ വേണ്ടിവന്നത്. ഇടത് സ്ഥാനാർത്ഥി സിപിഐയുടെ സത്യൻ മൊകേരിയെ 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയങ്ക സീറ്റ് നിലനിർത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here