അരുണാചലിൽ മലയാളികൾ ജീവനൊടുക്കിയതിൽ അന്വേഷണം തിരുവനന്തപുരത്തെ സാത്താൻ സേവക്കാരിലേക്ക്; അരുണാചൽ പോലീസെത്തും, ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദമ്പതികളെയും വനിതാ സുഹൃത്തിനെയും ഒന്നിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ സാത്താന്‍ സേവക്കാരിലേക്ക് അന്വേഷണം നീളും. ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ തോമസ്, ഭാര്യ ദേവി, വട്ടിയൂര്‍ക്കാവ് സ്വദേശി അധ്യാപിക ആര്യ ബി.നായര്‍ എന്നിവരുടെ മൃതദേഹങ്ങൾ അരുണാചൽ പ്രദേശിലെ സിറോയിൽ ഹോട്ടൽമുറിയിൽ ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. ദേഹമാസകലം വരഞ്ഞുമുറിച്ച നിലയിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയുളവാക്കിയ മരണത്തിൻ്റെ അന്വേഷണം തിരുവനന്തപുരത്തേക്കും നീളുകയാണ്. മരിച്ചവർക്ക് ബ്ലാക് മാജിക് സംഘത്തിൻ്റെ കെണിയിൽപെട്ടിട്ടുണ്ടെന്ന് ദേവിയുടെ ബന്ധുവായ സൂര്യകൃഷ്ണമൂര്‍ത്തിയാണ് മാധ്യമങ്ങളോട് ആദ്യം പറഞ്ഞത്. അരുണാചലില്‍ നിന്നുള്ള സൂചനകള്‍ വിരല്‍ ചൂണ്ടുന്നതും സാത്താന്‍ സേവക്കാരിലേക്കാണ്. സാത്താന്‍ സേവാ ഗ്രൂപ്പുകളുമായി നവീന് അടുത്ത ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം.
മൂന്നുപേരുടെയും മൃതദേഹം കൈത്തണ്ട മുറിച്ചനിലയിലാണ് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. രണ്ടു യുവതികളില്‍ ഒരാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. ഇത് ആര്യയുടേതാണ്. അതായത് ആര്യ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നിരുന്നു. സാത്താന്‍ സേവ സംശയിക്കാന്‍ പോന്ന കാരണങ്ങള്‍ മരണത്തിലുണ്ടെന്ന് അരുണാചല്‍ പോലീസും അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേരളാ പോലീസുമായും ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ അരുണാചൽ പോലീസ് തയ്യാറെടുക്കുന്നത്. ആര്യയെ കാണാതായതെന്ന പരാതിയില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കഴിഞ്ഞയാഴ്ച കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസും നിലവിലുണ്ട്.
മരണാനന്തര ജീവിതത്തില്‍ മൂവർസംഘം വിശ്വസിച്ചിരുന്നതായും അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. മരിച്ചവര്‍ അവസാനമായി ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പും വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്. നവീനും ദേവിയും ആര്യയും ഇവരുടെ സംഘത്തിന് പുറത്ത് ആരുമായും അധികം ഇടപെടാത്ത പ്രകൃതമായിരുന്നു. എന്നാല്‍ ചില അജ്ഞാത ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പുനര്‍ജ്ജനിയെന്നൊരു ഗ്രൂപ്പിനെ ചുറ്റിപ്പറ്റി ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. മരിച്ചവരുടെ ഫോണ്‍ പരിശോധനയില്‍ ഇത് തെളിയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. നവീനും ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന ഇരുവരും ജോലി ഉപേക്ഷിച്ച് ഒതുങ്ങികൂടിയത് അന്ധവിശ്വാസങ്ങള്‍ കാരണമാണെന്ന സൂചനയുമുണ്ട്.
എട്ടു കൊല്ലമായി ദേവിയും ആര്യയും സുഹൃത്തുക്കളാണ്. സ്‌കൂളില്‍ അധ്യാപകരെന്ന നിലയിലാണ് പരിചയം തുടങ്ങിയത്. രണ്ടുപേരും അന്ന് വട്ടിയൂര്‍ക്കാവ് പ്രദേശത്താണ് താമസം. അതുകൊണ്ട് തന്നെ യാത്രകളും മറ്റും ഒരുമിച്ചായി. ഈ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നു. നവീന്റെ സാത്താന്‍ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നു എന്നാണ് ആര്യയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആരോപണം. അതുകൊണ്ട് തന്നെ ആര്യയെ ഇവർ ദൂരദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയതും മരണത്തിൽ സാത്താൻ സേവയുടെ സ്വാധീനവും അന്വേഷണ പരിധിയിൽ വരാം. ആര്യയെ മകളെന്നു പരിചയപ്പെടുത്തിയാണ് ഹോട്ടലില്‍ ദമ്പതികള്‍ മുറിയെടുത്തത്. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ആര്യയെ നിര്‍ബന്ധിച്ച് കൊണ്ടു പോയതാണെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്.
ആര്യയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ, സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയാകാമെന്ന സംശയമാണ് ബന്ധു ഗിരിധരഗോപന്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും ബന്ധുക്കള്‍ പറയുന്നു. ആര്യയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ സാധ്യതയില്ല. അങ്ങനെയുണ്ടായാല്‍ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. രാവിലെ സ്‌കൂളില്‍ ജോലിക്കായി പോയ ആര്യ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളില്‍ വിളിച്ചപ്പോള്‍ അവധിക്ക് അപേക്ഷ നല്‍കിയതായി മനസിലായി. പിന്നീടാണ് അച്ഛന്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയത്- ഗിരിധരഗോപന്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here