‘തുമ്പ പാസ്പോർട്ട്’ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും; ഇവരുടെ ചിലവിൽ SCPO അൻസിലിന് വിദേശയാത്രകൾ; വഴങ്ങാത്ത സഹപോലീസുകാരെ ഭീഷണിപ്പെടുത്തി

വ്യാജപാസ്പോർട്ട് സംഘത്തിന് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തി കേസിൽ പ്രതിചേർക്കപ്പെട്ട സീനിയർ സിവിൽ പോലീസ് ഓഫീസർ അൻസിൽ അസീസിൻ്റെ ഇടപാടുകളിൽ കൂടുതൽ ദുരൂഹത. തുമ്പ സ്റ്റേഷൻ പരിധിയിലെ ഗുണ്ടാമാഫിയ സംഘങ്ങളുമായി ഇയാൾ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിഞ്ഞു. ആറുമാസത്തെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ തലസ്ഥാനത്തെ കുപ്രസിദ്ധ വീസ തട്ടിപ്പുസംഘത്തിലെ കണ്ണി ചിറ്റാഴ എഡ്വേർഡുമായുള്ള ബന്ധം തെളിഞ്ഞു. ഇത് പക്ഷെ അൻസിൽ തുമ്പ സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തിയിരുന്ന കാലയളവല്ല. സാമ്പത്തിക ആരോപണത്തെ തുടർന്ന് ഇയാളെ ആ ചുമതലയിൽ നിന്ന് മാറ്റിയ ശേഷമാണ്. മറ്റ് പല കേസിൽ പെട്ടവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അൻസിൽ നടത്തിയ വിദേശയാത്രകളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.
2023 ജൂൺ 20 വരെയാണ് അൻസിൽ അസീസ് തുമ്പ സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തിയിരുന്നത്. അതിന് ശേഷം ഈ ചുമതലയിൽ നിയോഗിക്കപ്പെട്ട ഷാജു, മഹേഷ് എന്നിവർക്ക് മേൽ ഇയാൾ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. താൻ നിർദേശിക്കുന്ന പാസ്പോർട്ട് അപേക്ഷകൾ പാസാക്കി വിട്ടില്ലെങ്കിൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും അസിസ്റ്റൻ്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ പോലീസുകാരുടെ മൊഴികൾ ലഭിച്ചിട്ടുണ്ട്. ഇതിലൊരു പോലീസുകാരൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക ആരോപണത്തിൻ്റെ പേരിൽ പാസ്പോർട്ട് വെരിഫിക്കേഷൻ്റെ ചുമതലയിൽ നിന്ന് നീക്കംചെയ്ത ശേഷവും അതിൽ ഇങ്ങനെ ഇടപെടാൻ അൻസിലിന് അവസരം ഉണ്ടായിരുന്നു. തട്ടിപ്പുസംഘങ്ങളുമായി ഇയാൾ ബന്ധം നിലനിർത്തിയത് ഈ പശ്ചാത്തലത്തിലാണ് പരിഗണിക്കണ്ടത്.
വകുപ്പുതല അനുമതിയില്ലാതെ ഇയാൾ വിദേശയാത്രകൾ നടത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സ്റ്റേഷൻ ചുമതലയുള്ള മേലുദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വ്യക്തമാണ്. മുൻപ് കഴക്കൂട്ടം സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തിയിരുന്ന കാലത്ത് ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരും പരിഗണിച്ചിട്ടില്ല. ക്രിമിനൽ കേസുകൾ ഉള്ളതിനാൽ പാസ്പോർട്ട് എടുക്കാൻ കഴിയാത്ത മറ്റ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും തുമ്പ സ്റ്റേഷൻ പരിധിയിൽ നിന്ന് പാസ്പോർട്ട് എടുക്കാൻ അൻസിൽ അവസരം ഒരുക്കിയിട്ടുണ്ട്. തുമ്പക്കടുത്ത് വാടകക്ക് വീടെടുത്ത് അതിൻ്റെ പേരിൽ വ്യാജകരേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന വ്യാജപാസ്പോർട്ട് സംഘത്തിന് സൌകര്യം ഒരുക്കിയെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അൻസിൽ അസീസിനെ സസ്പെൻഡ് ചെയ്ത് കേസിൽ പ്രതിചേർത്തത്. മൂന്ന് കേസുകളിലായി ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here